
കൊച്ചി: ജില്ലാ പഞ്ചായത്തിലെ സിറ്റിംഗ് സീറ്റായ കടമക്കുടി കൈവിട്ടു പോകാതിരിക്കാൻ തീവ്ര ശ്രമവുമായി കോൺഗ്രസ്. പുതിയ പത്രിക സമർപ്പിക്കാൻ കളക്ടറേറ്റിൽ സമയം തീരുന്നതിന് 10 മിനിട്ട് മുമ്പ് എത്തിയെങ്കിലും പ്രവേശനം അനുവദിക്കാത്തത് ചൂണ്ടിക്കാട്ടി നിയമ നടപടിക്കാണ് ശ്രമം.
സിറ്റിംഗ് അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എൽസി ജോർജിന്റെ പത്രികയാണ് തള്ളിയത്. സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിച്ചതും പിന്തുണച്ചതും ഡിവിഷന് പുറത്തുള്ളവരായതിനാലാനാണിത്. പത്രിക സമർപ്പിച്ചപ്പോൾ നിർദ്ദേശിച്ചവരും പിന്തുണച്ചവരുമുണ്ടായിരുന്നു. പേരു വിവരങ്ങൾ പറഞ്ഞാണ് പത്രിക നൽകിയത്. അപ്പോൾ സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്‌തെന്ന് കോൺഗ്രസ് ആരോപിച്ചു.പത്രിക തള്ളുമെന്നറിഞ്ഞതോടെ, പുതിയ പത്രികകളുമായി വൈകിട്ട് 3.50ന് കളക്ടറേറ്റിൽ സ്ഥാനാർത്ഥി എത്തിയെങ്കിലും സൂക്ഷ്‌മപരിശോധന നടത്തുന്ന മുറിയിൽ കയറാൻ അനുവദിച്ചില്ല. ഇതുമൂലം നാലിനകം പുതിയ പത്രിക സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന്
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ബി.ജെ.പി, സി.പി.എം സ്ഥാനാർത്ഥികളും സി.പി.എം ഡമ്മിയും മാത്രമാണ് പത്രിക സമർപ്പിച്ചത്. സ്വതന്ത്രനുമില്ല. ഇതു മൂലം സ്ഥാനാർത്ഥിയില്ലാത്ത അവസ്ഥയാണ്. കോൺഗ്രസിന് വിജയ സാദ്ധ്യതയുള്ള ഡിവിഷനാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |