
ജോഹന്നസ്ബർഗ്: എ.ഐയുടെ (നിർമ്മിത ബുദ്ധി) ദുരുപയോഗം തടയുന്നതിന് ആഗോളതലത്തിൽ കരാർ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ ജി 20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീപ്പ് ഫേക്കുകൾ, കുറ്റകൃത്യങ്ങൾ, ഭീകര പ്രവർത്തനങ്ങൾ എന്നിവയിൽ എ.ഐയുടെ ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്നും പറഞ്ഞു.
എ.ഐയെ ആഗോള നന്മയ്ക്കായി ഉപയോഗിക്കണം. സാങ്കേതികവിദ്യ മുന്നേറുമ്പോൾ, അവസരങ്ങളും വിഭവങ്ങളും ചുരുക്കം ചിലരുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കുന്ന സമീപനത്തിൽ മാറ്റം വരുത്തണം. ജി 20 രാജ്യങ്ങൾക്കിടെയിൽ പരസ്പരം ഉപയോഗത്തിനായി ബഹിരാകാശ ഏജൻസികളിൽ നിന്നുള്ള സാറ്റലൈറ്റ് ഡേറ്റ ലഭ്യമാക്കാനും അപൂർവ്വ ധാതു പര്യവേക്ഷണത്തിനുമുള്ള സംരംഭങ്ങളും മോദി നിർദ്ദേശിച്ചു. വരുന്ന ഫെബ്രുവരിയിൽ ഇന്ത്യയിൽ നടക്കുന്ന എ.ഐ ഇംപാക്ട് ഉച്ചകോടിയിലേക്ക് ജി 20 രാജ്യങ്ങളെ അദ്ദേഹം ക്ഷണിച്ചു.
പരിഷ്‌കരണം അവകാശം
യു.എൻ അടക്കം ആഗോള സ്ഥാപനങ്ങൾ 21 - ാം നൂറ്റാണ്ടിലെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും പരിഷ്‌കരണം എല്ലാവരുടെയും അവകാശമാണെന്നും ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക (ഐ.ബി.എസ്.എ) നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കവെ മോദി ചൂണ്ടിക്കാട്ടി.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചുനീങ്ങണമെന്നും ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക ഡിജിറ്റൽ സഹകരണ കൂട്ടായ്മ രൂപീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ജാപ്പനീസ് പ്രധാനമന്ത്രി സനേ തകേചി തുടങ്ങിയവരുമായും മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി.
അദ്ധ്യക്ഷ സ്ഥാനം യു.എസിന്
ജി 20യുടെ അടുത്ത അദ്ധ്യക്ഷ സ്ഥാനം യു.എസിന് നേരിട്ട് കൈമാറുന്ന ഔദ്യോഗിക ചടങ്ങ് ഒഴിവാക്കി ദക്ഷിണാഫ്രിക്ക. രാഷ്ട്രത്തലവൻമാർ തമ്മിലാണ് കൈമാറ്റച്ചടങ്ങ് നടത്തുക. എന്നാൽ, ദക്ഷിണാഫ്രിക്കയുമായുള്ള നയതന്ത്ര ഭിന്നതകൾ കാരണം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉച്ചകോടിയിൽ പങ്കെടുത്തില്ല. എംബസി പ്രതിനിധിയെ അയയ്ക്കാൻ യു.എസ് തീരുമാനിച്ചെങ്കിലും പ്രോട്ടോക്കോൾ ലംഘനമെന്ന് കാട്ടി ദക്ഷിണാഫ്രിക്ക വിസമ്മതിച്ചു. അദ്ധ്യക്ഷ സ്ഥാനം ഇനി യു.എസിനാണെന്ന് ഉച്ചകോടിയുടെ സമാപന വേളയിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന് മുതലാണ് യു.എസിന്റെ അദ്ധ്യക്ഷ കാലയളവ് തുടങ്ങുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |