
ബുഡാപെസ്റ്റ്: 1700 വർഷങ്ങൾക്ക് മുമ്പുള്ള ശവപ്പെട്ടി തുറന്ന് പുരാവസ്തു ഗവേഷകർ. ശതകങ്ങളായി ആരാലും സ്പർശിക്കാത്ത പുരാതന റോമൻ ശവപ്പെട്ടിയാണ് ഗവേഷകർ തുറന്നത്. ബുഡാപെസ്റ്റ് ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകരാണ് ഹങ്കറിയിലെ ഒബുഡയിൽ നടത്തിയ ഖനനത്തിനിടെ ശവപ്പെട്ടി കണ്ടെത്തിയത്. കല്ലുകൊണ്ട് നിർമ്മിച്ച ചെയ്ത ശവപ്പെട്ടിയിൽ നിന്ന് റോമൻ കാലഘട്ടത്തിലെ ജീവിതരീതികളിലേക്ക് വെളിച്ചം വീശുന്ന അമൂല്യമായ നിധിശേഖരവും ഗവേഷകർക്ക് ലഭിച്ചു.
ശവപ്പെട്ടിയുടെ അടപ്പ് തുറന്നപ്പോൾ പൂർണമായ ഒരു അസ്ഥികൂടമാണ് ഉള്ളിൽ കണ്ടത്. അതിനു ചുറ്റും നിരവധി പുരാവസ്തുക്കളും ഉണ്ടായിരുന്നു. അസ്ഥികൂടത്തിന്റെ വലിപ്പം സൂചിപ്പിക്കുന്നത് യുവത്വത്തിലേക്ക് അടുക്കുന്ന പെൺകുട്ടിയുടേതോ ആകാമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. കേടുപാടുകൾ ഇല്ലാത്ത രണ്ട് ഗ്ലാസ് പാത്രങ്ങൾ, വെങ്കലം കൊണ്ടുള്ള പ്രതിമകൾ, 140ഓളം റോമൻ നാണയങ്ങൾ, ഹെയർ പിൻ, ആഭരണങ്ങൾ, സ്വർണ നൂലിൽ നിർമ്മിച്ച തുണിയുടെ അവശിഷ്ടങ്ങൾ എന്നിവയാണ് ശവപ്പെട്ടിയിൽ നിന്നും ലഭിച്ച നിധി ശേഖരങ്ങൾ.
ഇത്രയധികം വസ്തുക്കളുള്ള ഈ ശവപ്പെട്ടിയും അതിലെ അമൂല്യ നിധിശേഖരങ്ങളും സൂചിപ്പിക്കുന്നത് മരിച്ചയാൾ സമ്പന്നയോ അല്ലെങ്കിൽ ഉയർന്ന സാമൂഹിക പദവിയിലുള്ള വ്യക്തിയോ ആയിരുന്നിരിക്കാമെന്നാണ്. നാലാം നൂറ്റാണ്ടിൽ പഴയ ശവപ്പെട്ടികൾ വീണ്ടും ഉപയോഗിക്കുന്നത് സാധാരണമായിരുന്നതിനാൽ ആരും സ്പർശിക്കാത്ത പ്രത്യേകം ഉണ്ടാക്കിയ ഇത്തരം ശവപ്പെട്ടികൾ കണ്ടെത്തുന്നത് അത്യപൂർവമാണെന്നും ഗവേഷകർ പറയുന്നു.
നിലവിൽ കണ്ടെത്തിയ ഭൗതികാവശിഷ്ടങ്ങൾ വിശദമായി പരിശോധിച്ച് ജനനം, പ്രായം, തുടങ്ങിയവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് നരവംശശാസ്ത്രജ്ഞരുടെ അടുത്ത നീക്കം. കൂടാതെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് ഗവേഷകർ നീക്കം ചെയ്‌ത1.5 ഇഞ്ച് കട്ടിയുള്ള ചെളിയിലും മറ്റും കൂടുതൽ ആഭരണങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |