
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയുടെ നിര പരുങ്ങലില്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ ഇന്ത്യന്‍ നിര ബാറ്റിംഗ് മറന്നപ്പോള്‍ സന്ദര്‍ശകര്‍ക്ക് കൂറ്റന്‍ ലീഡ്. രണ്ട് ദിവസത്തെ കളിയും പത്ത് വിക്കറ്റും ശേഷിക്കെ ദക്ഷിണാഫ്രിക്കയുടെ ആകെ ലീഡ് 314 റണ്‍സാണ്. പ്രോട്ടീസ് ഉയര്‍ത്തിയ 489 റണ്‍സിന് ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ മറുപടി വെറും 201 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ ചെയ്യിക്കാതെ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 26 റണ്‍സ് എന്ന നിലയിലാണ്.
ഓപ്പണര്‍മാരായ റയാന്‍ റിക്കിള്‍ടണ്‍ 13(25), എയ്ഡന്‍ മാര്‍ക്രം 12(23) എന്നിവരാണ് ക്രീസിലുള്ളത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മാര്‍ക്കോ യാന്‍സന്‍ ആണ് അപകടം വിതച്ചത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍ 58(97) മാത്രമാണ് ഇന്ത്യന്‍ മുന്‍നിരയില്‍ തിളങ്ങിയത്. കെഎല്‍ രാഹുല്‍ (22), സായ് സുദര്‍ശന്‍ (15), ധ്രുവ് ജുരേല്‍ (0), ക്യാപ്റ്റന്‍ പന്ത് (7) രവീന്ദ്ര ജഡേജ (6) നിതീഷ് കുമാര്‍ റെഡ്ഡി (10) എന്നിവര്‍ നിരാശപ്പെടുത്തി.
എട്ടാം വിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ (48) - കുല്‍ദീപ് യാദവ് (19) സഖ്യം 72 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ജസ്പ്രീത് ബുംറ (5) റണ്‍സ് നേടി പുറത്തായപ്പോള്‍ സിറാജ് (2*) റണ്‍സ് നേടി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍ക്കോ യാന്‍സന്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സൈമണ്‍ ഹാമര്‍ മൂന്ന് വിക്കറ്റുകളും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി. കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യക്ക് ഈ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ പരമ്പര സമനിലയില്‍ എത്തിക്കാന്‍ കഴിയുകയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |