
മെൽബൺ: അണലി, മൂർഖൻ തുടങ്ങിയ വിഷപ്പാമ്പുകൾ ഇരയെ ആക്രമിക്കുന്നത് എങ്ങനെയാണെന്ന് കാണിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ശാസ്ത്രജ്ഞർ. ആക്രമണകാരികളായ പാമ്പുകളുടെ കൃത്യതയും വേഗതയും മനസിലാക്കുന്നതിനു വേണ്ടി ഹൈ-സ്പീഡ് ക്യാമറകൾ ഉപയോഗിച്ച് സ്ലോ മോഷനിലൂടെയാണ് വീഡിയോ എടുത്തിരിക്കുന്നത്.
36 ഇനം പാമ്പുകളുടെ ആക്രമണങ്ങളെയാണ് ഇത്തരത്തിൽ ശാസ്ത്രജ്ഞർ താരതമ്യം ചെയ്ത് പഠനം നടത്തിയത്. ഓസ്ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലായിരുന്നു പഠനം. പാമ്പുകളുടെ ആക്രമണ രീതികളും അവ എങ്ങനെയാണ് ഇരകളിലേക്ക് വിഷം കയറ്റുന്നതെന്നുമാണ് പഠനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
ചിലയിനം അണലികൾക്ക് ഒരു സെക്കൻഡിന്റെ പത്തിലൊന്ന് സമയം കൊണ്ട് ഇരയുടെ അടുത്തെത്താൻ കഴിയും. ഇത് മനുഷ്യൻ കണ്ണ് ചിമ്മി തുറക്കുന്നതിനേക്കാൾ വേഗത്തിലാണ്. എന്നാൽ ഓരോ പാമ്പും ഒരേ ലക്ഷ്യം നേടാൻ വ്യത്യസ്തമായ രീതികളാണ് പിന്തുടരുന്നത്. ലോകത്തിലെ ഏറ്റവും അപകടകാരികളായ ഈ പാമ്പുകളെ കബളിപ്പിക്കാനായി, ഇരയുടെ മാംസം പോലെ തോന്നിപ്പിക്കുന്ന ഒരുതരം ജെല്ലിൽ കടിക്കാൻ പ്രേരിപ്പിച്ചു. ഈ ദൃശ്യങ്ങളാണ് സെക്കൻഡിൽ 1000 ഫ്രെയിമുകൾ എന്ന അതിവേഗതയിൽ ഗവേഷകർ ചിത്രീകരിച്ചത്.
വിഷപ്പാമ്പിനെ ജെൽ കഷ്ണത്തിൽ കടിപ്പിക്കുന്ന പണി സാഹസികത നിറഞ്ഞതായിരുന്നു. പലതവണ പേടിച്ച് പിന്മാറേണ്ടി വന്നിരുന്നുവെന്നും ഗവേഷകർ പറഞ്ഞു. നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ അസാധ്യമായ സ്വഭാവമാണ് പാമ്പിൽ നിന്ന് ഉണ്ടായതെന്നും ഗവേഷകർ വ്യക്തമാക്കി. ഓരോ പാമ്പും ഇരയെ വേട്ടയാടാൻ വ്യത്യസ്തമായ രീതികളാണ് സ്വീകരിക്കുന്നതെന്നും ഗവേഷകർ പറഞ്ഞു.
അണലികൾ 100 മില്ലിസെക്കൻഡിനുള്ളിൽ ഇരയെ ആക്രമിക്കുമെങ്കിലും ഉടൻ വിഷം പ്രയോഗിക്കില്ല. പകരം വിഷപ്പല്ലുകൾ ഏറ്റവും അനുയോജ്യമായ സ്ഥാനത്തേക്ക് മാറ്റിയ ശേഷം മാത്രമാണ് വിഷം പുറത്തുവിടുക. ഗ്രീൻ ട്രീ പാമ്പിനെപ്പോലുള്ള കൊലുബ്രിഡ് വിഭാഗത്തിൽപ്പെട്ട പാമ്പുകൾ ഇരയെ ആക്രമിച്ച ശേഷം കൂടുതൽ വിഷം ഉള്ളിൽ ചെല്ലാനായി തങ്ങളുടെ താടിയെല്ലുകൾ വശങ്ങളിലേക്ക് ചലിപ്പിച്ച് ഇരയുടെ മാംസം കീറിമുറിക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |