
ന്യൂഡൽഹി: സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽക്കുമ്പോൾ, ഹരിയാന ഹിസാർ പേട്‌വാറിലെ നാട്ടുകാർ 101 കിലോ ലഡുവും പലഹാരങ്ങളും വിതരണം ചെയ്‌ത് ആഘോഷിച്ചു. സ്വന്തം ഗ്രാമത്തിലെ ബെഞ്ചില്ലാത്ത സ്‌കൂളിൽ പഠനം ആരംഭിച്ചാണ് അദ്ദേഹം ഉന്നത പദവിയിലെത്തിയത്.
ദൈവനാമത്തിൽ ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് തുടങ്ങിയവർ പങ്കെടുത്തു. പ്രധാനമന്ത്രി ആശംസ നേർന്നു. ഹരിയാനയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ് ചുമതലയേൽക്കുന്നത് കാണാൻ മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും എത്തി. ഭൂട്ടാൻ, കെനിയ, മലേഷ്യ, മൗറീഷ്യസ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ സുപ്രീംകോടതി ജഡ്‌ജിമാരും സാക്ഷ്യം വഹിച്ചു. കുടുംബസമേതമാണ് അവർ വന്നത്. ആദ്യമായാണ് വിദേശ ജഡ്‌ജിമാരുടെ വലിയ സംഘം എത്തുന്നത്.
ഭാര്യ സവിതാ കാന്തിന് പുറമെ ബന്ധുക്കളും നാട്ടുകാരും അദ്ധ്യാപകരും അടുത്ത സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. 2027 ഫെബ്രുവരി 9 വരെയാണ് കാലാവധി. 14 മാസത്തിലേറെ സർവീസ് ലഭിക്കും. സുപ്രീം കോടതി വളപ്പിലെ മഹാത്മാഗാന്ധിയുടെയും ഡോ.ബി.ആർ. അംബേദ്കറുടെയും പ്രതിമകളിൽ ഹാരാർപ്പണം നടത്തിയശേഷമാണ് കോടതിയിൽ പ്രവേശിച്ചത്.
അടിയന്തര സ്വഭാവമുണ്ടെങ്കിൽ
മാത്രം വേഗത്തിൽ പരിഗണിക്കും
അടിയന്തരമായി ഇടപെടേണ്ട അസാധാരണ സാഹചര്യങ്ങളിൽ അല്ലാതെ ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് തുറന്ന കോടതിയിൽ ആവശ്യപ്പെടരുതെന്ന് ആദ്യ സിറ്റിംഗിൽ നിലപാടെടുത്തു. മറ്റു കേസുകളിൽ രജിസ്ട്രറിക്ക് രേഖാമൂലം മെൻഷനിംഗ് സ്ലിപ്പ് നൽകണം. രജിസ്ട്രറി പരിശോധിച്ച് വേഗത്തിൽ ലിസ്റ്റ് ചെയ്യണമോയെന്ന് തീരുമാനമെടുക്കും.
പുതിയ ചുമതല നൽകി
അടുത്ത മുതിർന്ന ജഡ്‌ജിയായ വിക്രംനാഥിനെ ദേശീയ ലീഗൽ സർവീസസ് അതോറിട്ടിയുടെ (നാൽസ) എക്‌സിക്യൂട്ടീവ് ചെയർപേഴ്സൺ ആയി നിയമിച്ചു. രാഷ്‌ട്രപതി അംഗീകരിച്ചതിനു പിന്നാലെ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. രണ്ടാമത്തെ മുതിർന്ന ജഡ്‌ജിക്കാണ് ഈ പദവി നൽകുന്നത്. മൂന്നാമത്തെ ജഡ്‌ജിയായ ജെ.കെ. മഹേശ്വരി സുപ്രീംകോടതി ലീഗൽ സർവീസസ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി. സുപ്രീം കോടതി കൊളീജിയത്തിൽ ജസ്റ്റിസ് എം.എം. സുന്ദരേഷിനെ ഉൾപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |