
വിശ്രമമില്ലാതെ കഠിനാദ്ധ്വാനം ചെയ്താലും ഏറ്റവുമധികം വിമർശനവും പഴിയും കേൾക്കേണ്ടിവരുന്നത് പൊലീസിനാണ്. മോഷണം, കുറ്റകൃത്യങ്ങൾ എന്നിവയിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായവും കുറ്റവാളികൾ പ്രയോഗിക്കുന്നു. ഇത് സാധാരണ അന്വേഷണ രീതികൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ക്രിമിനലുകളുടെ കുതന്ത്രങ്ങൾക്കും കുബുദ്ധികൾക്കുമൊപ്പം ഓടിയെത്തണമെങ്കിൽ പൊലീസിന്റെ അന്വേഷണ മാർഗങ്ങൾക്കും നല്ല വേഗത കൂടിയേ തീരൂ. കുറ്റകൃത്യങ്ങൾ നടന്ന സ്ഥലത്ത് കാലതാമസം കൂടാതെ എത്താൻ നല്ല കണ്ടീഷനുള്ള വാഹനങ്ങൾ തന്നെ വേണം. നിർഭാഗ്യവശാൽ സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനുകളിലെയും സ്ഥിതി പരിതാപകരമാണ്. കാസർകോട് ബേക്കൽ എസ്.ഐയുടെ വാഹനം, ഓടിക്കൊണ്ടിരിക്കെ ടയറിനോട് ചേർന്ന ബോഡിയുടെ ഭാഗങ്ങൾ റോഡിലേക്ക് അടർന്നുവീണു. അതിൽ യാത്രചെയ്ത പൊലീസുകാർക്ക് വലിയ അപകടം സംഭവിക്കാത്തത് മഹാഭാഗ്യം!
സ്വന്തമായി നല്ല വാഹനങ്ങളുള്ളവരുടെ എണ്ണം നാൾക്കുനാൾ പെരുകിക്കൊണ്ടിരിക്കുകയാണ്. പൊതുനിരത്തുകളിലെ വാഹനത്തിരക്ക് അതിന്റെ ദൃഷ്ടാന്തമാണ്. കുറേക്കാലം ഉപയോഗിച്ചശേഷം അതു മാറ്റി പുതിയ വാഹനങ്ങളെടുക്കുന്ന പ്രവണതയും സമൂഹത്തിൽ വർദ്ധിച്ചുവരുന്നു. അതിനിടയ്ക്കാണ് ഓടിക്കൊണ്ടിരിക്കെ എസ്.ഐയുടെ വാഹനത്തിന്റെ ഭാഗങ്ങൾ അടർന്നുവീഴുന്നത്. ഇതുപോലെ അടർന്നുവീണില്ലെങ്കിലും അതിനു സമാനമായി, ഒച്ചയുണ്ടാക്കിയും പഞ്ചറായി വഴിയിൽ കിടന്നും പൊലീസിനു തന്നെ നാണക്കേടുണ്ടാക്കുന്ന പഴഞ്ചൻ വാഹനങ്ങൾ പല സ്റ്റേഷനുകളിലുമുണ്ട്. അച്ചടക്കം ഭയന്ന് പല പൊലീസുകാരും അത് പുറത്തു പറയാറില്ലെന്നു മാത്രം. 15 വർഷത്തെ കാലാവധിയാണ് വാഹനങ്ങൾക്ക് കേന്ദ്ര നിയമം അനുശാസിക്കുന്നത്. അതിലുമേറെ ആയുസുള്ള, പഴകി ദ്രവിച്ച വാഹനങ്ങൾ പല സ്റ്റേഷനുകളിലും കാണാം.
തലസ്ഥാനത്ത് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ വാഹനം നഗരമദ്ധ്യത്തിലെ ട്രാഫിക് സിഗ്നലിൽ വച്ച് കത്തിയമർന്നത് അടുത്തകാലത്താണ്. അതുപോലെ, കാസർകോട്ട് മുഖ്യമന്ത്രിയുടെ വാഹനത്തിന് പൈലറ്റായി പോയ ഡിവൈ.എസ്.പിയുടെ ജീപ്പിന്റെ മുൻവശത്തുനിന്ന് പുകയുയർന്നു. കൂടുതൽ അനിഷ്ടസംഭവങ്ങളുണ്ടാകാത്തതിനാൽ അത് വലിയ വാർത്തയായില്ലെന്നുമാത്രം. മന്ത്രിമാർക്കും വി.ഐ.പികൾക്കും അകമ്പടി പോകേണ്ടതിനാൽ തലസ്ഥാനത്ത് താരതമ്യേന പുതിയ വാഹനങ്ങളാണ്. മറ്റു ജില്ലകൾക്കാകട്ടെ, പലപ്പോഴും ലഭിക്കുന്നത് ഓടിപ്പഴകിയ വാഹനങ്ങളാണ്. അതേസമയം സി.ഐമാർക്ക് പുതിയ വാഹനം കിട്ടും! സാധാരണ പൊലീസ് സ്റ്റേഷനുകളിലെ ജീപ്പുകൾ പലതും തുരുമ്പിച്ചതും ടയറുകൾ തേഞ്ഞതുമായിരിക്കും. ഇവയ്ക്ക് പണി വന്നാൽ സർക്കാർ അംഗീകരിച്ച സ്വകാര്യ വർക്ക്‌ഷോപ്പുകളെ ആശ്രയിക്കണം. യഥാസമയം പണിക്കൂലി കിട്ടാതെ കുടിശ്ശിക വന്നതോടെ അവരിൽ പലരും പണി ഏറ്റെടുക്കാത്ത സ്ഥിതിയായി. ഇതോടെ പല പൊലീസ് വാഹനങ്ങളും കട്ടപ്പുറത്ത് വിശ്രമത്തിലാണ്. ചില വാഹനങ്ങൾ രോഗാവസ്ഥയിലും ഗതികെട്ട് ഓടുന്നു.
പൊലീസ് വാഹനങ്ങളുടെ ഈ അവസ്ഥ മനസിലാക്കിയാണ് 15 വർഷം കാലാവധി കഴിഞ്ഞതും പഴകി ദ്രവിച്ചതുമായ വാഹനങ്ങൾക്കു പകരം, ആഭ്യന്തര വകുപ്പ് വാങ്ങുന്ന പുത്തൻവണ്ടികൾ പൊലീസ് സ്റ്റേഷനുകൾക്കു നൽകണമെന്ന് ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിട്ടിരിക്കുന്നത്. പുത്തൻ വണ്ടികളെത്തുമ്പോൾ കൈയൂക്കുള്ളവരും സ്വാധീനമുള്ളവരുമായ ഏമാൻമാർ കരസ്ഥമാക്കുന്ന നിലവിലെ സ്ഥിതിക്ക് ഇത് മാറ്റമുണ്ടാക്കും. ആഗസ്റ്റിൽ 42.33 കോടി മുടക്കി 373 വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകിയിരുന്നു. സെപ്തംബറിൽ ജി.എസ്.ടി ഇളവുണ്ടായതോടെ ഈയിനത്തിൽ 4.59 കോടി രൂപ ലാഭിക്കുകയും ചെയ്തു. അപകടസ്ഥിതിയിലായ വാഹനങ്ങളുള്ള സ്റ്റേഷനുകൾക്ക് പുത്തൻ വാഹനങ്ങൾ നൽകിയാൽ അത് പൊലീസുകാരുടെ മനോവീര്യം ഉയർത്തും. കുറ്റകൃത്യങ്ങൾ തടയുന്നതിലും അതു പ്രതിഫലിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |