
പത്തനംതിട്ട: ന്യൂ ഇയർ പരിപാടിക്കിടെ പൊലീസിന്റെ അതിക്രമമെന്ന് പരാതി. സ്റ്റേജിൽ കയറി ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിച്ചെന്നാണ് ഡിജെ കലാകാരൻ അഭിരാം സുന്ദർ പറഞ്ഞത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തനംതിട്ടയിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. സ്റ്റേജിലേക്ക് കയറിയ പൊലീസുകാരൻ ലാപ്ടോപ്പ് ചവിട്ടുന്ന ദൃശ്യങ്ങളും അഭിരാം സുന്ദർ പങ്കുവച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അഭിരാം പറയുന്നത് ഇങ്ങനെ:
ഒരുപാട് ആഗ്രഹിച്ച് കഷ്ടപ്പെട്ടാണ് ഡിജെയ്ക്ക് വേണ്ടി ഞാൻ ഒരു ഗെയിമിംഗ് ലാപ്ടോപ്പ് വാങ്ങിയത്. ഏകദേശം ഒരു ലക്ഷം രൂപയോളം ഇതിന് ചെലവായി. ഇപ്പോൾ ന്യൂയർ സമ്മാനമായി കേരള പൊലീസ് ഇത് ഇങ്ങനെയാക്കി. നമ്മളെ പോലുള്ള സാധാരണക്കാർക്ക് എന്ത് ചെയ്യാൻ പറ്റും. അവർ അല്ലെ നശിപ്പിച്ചത്. അവരോട് എങ്ങനെ പരാതി പറയും.
ഇന്നലെ ന്യൂ ഇയറിന് പത്തനംതിട്ടയിലായിരുന്നു പരിപാടി. പരിപാടിക്ക് അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് സംഘാടകർ പറഞ്ഞത്. പരിപാടി തുടങ്ങാൻ കുറച്ച് താമസിച്ചിരുന്നു. അങ്ങനെ അനുമതി വാങ്ങിയ സമയം കഴിഞ്ഞിരുന്നു.
പക്ഷേ അത് ഞാൻ അറിഞ്ഞില്ല. അങ്ങനെ നല്ല രീതിയിൽ പരിപാടി പോകുന്ന സമയത്ത് ഒരു പൊലീസുകാരൻ സ്റ്റേജിനടുത്തേക്ക് വന്നു. ഈ പൊലീസുകാരൻ വരുന്നത് കണ്ട ഉടൻ ഞങ്ങൾ ഡിജെ നിർത്തി. എന്നാൽ സ്റ്റേജിലേക്ക് വന്ന മറ്റൊരു പൊലീസുകാരൻ കാൽ കൊണ്ട് ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിക്കുകയായിരുന്നു. ഞാൻ അത്രയും സുരക്ഷിതമായി കൊണ്ട് നടന്ന ലാപ്ടോപ്പ് ആയിരുന്നു. ഞാൻ പാട്ട് നിർത്തിയിട്ടും എന്റെ ലാപ്ടോപ്പ് അദ്ദേഹം ചവിട്ടി. വലിയ സങ്കടം നിറഞ്ഞ സമയമായിരുന്നു അത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |