
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി രാഷ്ട്രീയകേരളം കാണുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബലാബലചിത്രം വ്യക്തമായി. നാടും നഗരവും തീ പാറുന്ന പോരാട്ടച്ചൂടിലേക്ക്. 23,000 വാർഡുകളിലായി ഒരു ലക്ഷത്തോളം സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. വിമതന്മാരുടെയും അപരന്മാരുടെയും ഭീഷണി മൂന്നു കൂട്ടർക്കുമുണ്ട്. അതുമായും സമകാലിക സംഭവങ്ങളുമായും ബന്ധപ്പെട്ട വിവാദങ്ങളും ചൂടുപിടിച്ചു. ആക്രമണത്തിനും പ്ര്യത്യാക്രമണത്തിനുമുള്ള ആയുധങ്ങൾ മൂന്നു മുന്നണികളും രാകിമിനുക്കി. വിമത-അപര ഭീഷണി താരതമ്യേന കുറവ് എൽ.ഡി.എഫിനാണ്.
കണ്ണൂർ ജില്ലയിൽ ഗ്രാമപഞ്ചായത്തിലും നഗരസഭയിലുമായി 14 ഇടത്ത് എതിരില്ലാതെ വിജയിക്കാനായത് എൽ.ഡി.എഫിന്റെ പോരാട്ടത്തിന് കരുത്താണ്. ഈ വിജയം ഭീഷണിയിലൂടെയും ഗുണ്ടായിസത്തിലൂടെയും നേടിയതാണെന്നാണ്
പ്രതിപക്ഷ വിമർശനം. നാല് ഉപതിരഞ്ഞെടുപ്പു വിജയങ്ങളുടെ കണക്കുമായി അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്താമെന്ന ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫ് നീക്കം. തദ്ദേശമത്സരത്തിൽ കൂടുതൽ കരുത്തുകാട്ടി നിയമസഭയിലേക്കുള്ള വാതിൽതുറക്കാനാണ് എൻ.ഡി.എ ശ്രമം.
നേരിടാൻ വിവാദ വിഷയങ്ങൾ
1.വിശ്വാസികളുടെ നെഞ്ചു പൊള്ളിച്ച ശബരിമല സ്വർണത്തട്ടിപ്പാണ് യു.ഡി.എഫിനും എൻ.ഡി.എയ്ക്കും സർക്കാരിനെ ആക്രമിക്കാനുള്ള ഒന്നാമത്തെ ആയുധം. സി.പി.എമ്മിന്റെ അടുപ്പക്കാരനായ എൻ.വാസുവും പത്തനംതിട്ട ജില്ലയിലെ പ്രമുഖ നേതാവ് പത്മകുമാറും ജയിലിലാണ്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരാണിവർ. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കു കൂടി അന്വേഷണമെത്തിയാൽ സി.പി.എമ്മിന് ഏറെ വിയർപ്പൊഴുക്കേണ്ടിവരും.തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ സദ്ഫലം വേണ്ടവിധം കിട്ടുമോ എന്നതും കണ്ടറിയണം. അതും വിവാദമാണ്.
2. പതിവ് പാളയത്തിൽപ്പടയുടെ അരിഷ്ടതകളുണ്ടെങ്കിലും നല്ല പോരാട്ടം കാഴ്ചവയ്ക്കാൻ തയ്യാറെടുത്തിരുന്ന യു.ഡി.എഫിന് കിട്ടിയ അപ്രതീക്ഷിത അടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട പുതിയ വിവാദം. അതിനു മറുപടി പറയേണ്ട അധിക ബാദ്ധ്യതകൂടി കോൺഗ്രസിന് വന്നിരിക്കുകയാണ്. ബദൽ വിഷയങ്ങൾ ഉയർത്തി അതിനെ നേരിടാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
3. കേന്ദ്ര പദ്ധതികളുടെ ഫണ്ടുപോലും വാങ്ങിയെടുക്കാതെ, രാഷ്ട്രീയം കളിക്കുകയാണ് സംസ്ഥാന സർക്കാരെന്ന ആക്ഷേപമാണ് എൻ.ഡി.എ ഉയർത്തുക. പി.എം.ശ്രീപദ്ധതി ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടും. സി.പി.ഐയുടെ പിടിവാശിക്കു മുന്നിൽ പത്തി മടക്കേണ്ടി വന്ന സി.പി.എമ്മിനെ വല്ലാതെ വിയർപ്പിക്കും പി.എം ശ്രീ. ഡൽഹിയിലെ ചാവേർ ഭീകരാക്രമണവും ബി.ജെ.പി പ്രചാരണായുധ ആക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |