
തിരുവനന്തപുരം: നഗരസഭയില്‍ അധികാരത്തിലെത്തിയതിന് തൊട്ട് പിന്നാലെ ഉയര്‍ന്ന വട്ടിയൂര്‍ക്കാവ് എംഎല്‍എ ഓഫീസ് വിവാദം തുടരുകയാണ്. കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വി.കെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ശാസ്തമംഗലത്തെ ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ രംഗത്ത് വന്നിരുന്നു. ഈ വിവാദത്തില്‍ കവടിയാര്‍ കൗണ്‍സിലറും മുന്‍ എംഎല്‍എയുമായ കെഎസ് ശബരീനാഥന്‍ പ്രശാന്തിനെ വിമര്‍ശിച്ചിരുന്നു.
എംഎല്‍എ ഹോസ്റ്റലില്‍ മുറിയുള്ളപ്പോള്‍ എന്തിനാണ് വി.കെ പ്രശാന്ത് കോര്‍പ്പറേഷന്‍ കെട്ടിടം വാടകയ്ക്ക് എടുത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ശബരീനാഥന്റെ ചോദ്യം. ഇതോടെ തനിക്ക് നേരെയുള്ള നീക്കം വട്ടിയൂര്‍ക്കാവ് തിരിച്ചുപിടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് വി.കെ പ്രശാന്തും തിരിച്ചറിയുന്നുണ്ട്. ബിജെപിക്ക് നല്ല വേരോട്ടമുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഇവിടെ ഒന്നാമത് എത്തിയത്.
2011ല്‍ മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന വട്ടിയൂര്‍ക്കാവ് അന്ന് തലസ്ഥാനത്തെ മേയറായിരുന്ന വികെ പ്രശാന്തിലൂടെയാണ് സിപിഎം തിരിച്ചുപിടിച്ചത്. മൂന്നാം സ്ഥാനത്ത് നിന്ന് 14,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് പ്രശാന്ത് സിപിഎമ്മിനെ എത്തിച്ചു. 2021ല്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 20,000 കവിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇപ്പോഴത്തെ വിവാദം ജനപ്രിയ എംഎല്‍എയുടെ ഇമേജിന് കേടുവരുത്തിയെന്നും മികച്ച സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചാല്‍ മണ്ഡലം വലത്തേക്ക് ചായുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം കണക്ക്കൂട്ടുന്നത്. രണ്ട് പേരുകളാണ് ഇവിടേക്ക് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഉയര്‍ത്തിക്കാണിക്കുന്നത്. മുന്‍ എംഎല്‍എ കെ മുരളീധരനാണ് പ്രഥമ പരിഗണന. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നുമാണ് നേരത്തെ പ്രഖ്യാപിച്ചത്.
കെ മുരളീധരന്‍ മത്സരിക്കുന്നില്ലെങ്കില്‍ മുന്‍ അരുവിക്കര എംഎല്‍എയും നിലവില്‍ നഗരസഭാ കൗണ്‍സിലറുമായ കെഎസ് ശബരീനാഥന്റെ പേരാണ് പിന്നീട് പരിഗണിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലേക്കും ശബരിയുടെ പേര് പരിഗണിക്കുന്നുണ്ട്. വി.എസ് ശിവകുമാര്‍ നെയ്യാറ്റിന്‍കരയിലേക്ക് ചുവട് മാറാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണിത്. ബിജെപിയില്‍ ശ്രീലേഖ, പത്മജ വേണുഗോപാല്‍ എന്നീ പേരുകളാണ് ചര്‍ച്ചയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |