
ബാങ്കോക്ക്: മരിച്ചെന്ന് കരുതി സംസ്കാര ചടങ്ങ് നടത്തുന്നതിനിടെ 65കാരി ചലിച്ചു. തായ്‌ലാൻഡിലെ ഒരു ബുദ്ധ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. വാറ്റ് റാറ്റ് പ്രഖോംഗ് താം എന്ന ബുദ്ധക്ഷേത്രത്തിലാണ് 65കാരിയുടെ ശവസംസ്‌കാരം നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനായി ശവപ്പെട്ടിയിൽ മൃതദേഹം എത്തിച്ചു. എന്നാൽ അൽപസമയത്തിനകം ശവപ്പെട്ടിയിൽ നിന്ന് മുട്ടുന്ന ശബ്ദം കേൾക്കുകയായിരുന്നു. പിന്നാലെ അധികൃതർ തുറന്നപ്പോഴാണ് 65കാരി കെെകൾ ഉയർത്തുന്നത് കണ്ടത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
രണ്ട് വർഷമായി കിടപ്പുരോഗിയാണ് ഫിറ്റ്സാനുലോക് പ്രവിശ്യയിൽ നിന്നുള്ള 65കാരി. രണ്ട് ദിവസം മുൻപ് ഇവർ തികച്ചും അനക്കമില്ലാത്ത നിലയിലായി. ശ്വസിക്കുക പോലും ചെയ്യാതെ വന്നതോടെ ഇവർ മരിച്ചെന്ന് കരുതിയതായി സഹോദരൻ പറയുന്നു. മൃതദേഹം ദാനം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നേരത്തെ 65കാരി വ്യക്തമാക്കിയിരുന്നതിനാൽ ആദ്യം മൃതദേഹം ആശുപത്രിയിലാണ് എത്തിച്ചത്. എന്നാൽ മരണ സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ മൃതദേഹം പഠനാവശ്യങ്ങൾക്കായി സ്വീകരിക്കില്ലെന്ന് ആശുപത്രി അധികൃതർ വിശദമാക്കി. പിന്നാലെയാണ് സംസ്കരിക്കാനുള്ള ശ്രമം നടത്തിയത്.
എന്നാൽ മരണ സർട്ടിഫിക്കറ്റ് ഇല്ലാതെ സംസ്കാരം നടത്തില്ലെന്ന് ക്ഷേത്ര അധികൃതരും പറഞ്ഞു. ഇതിനിടെയാണ് ശവപ്പെട്ടിക്കുള്ളിൽ നിന്ന് തട്ടുംമുട്ടും കേട്ടത്. തുടർന്ന് 65കാരിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ ചികിത്സാ ചെലവ് ക്ഷേത്രം വഹിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വീഡിയോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |