
കൊച്ചി: കപ്പൽ രൂപകല്പനയിൽ രാജ്യത്തിന്റെ അഭിമാനമായി ഒരു മലയാളി സംരംഭം. അന്തർവാഹിനി പ്രതിരോധ കപ്പലായ ഐ.എൻ.എസ് മാഹിക്ക് പിന്നാലെ ഇന്ത്യൻ നാവികസേനയ്‌ക്കായി അഞ്ചു കപ്പലുകൾ ഉൾപ്പെടെ രൂപകല്പന ചെയ്തത് കൊച്ചിയിലെ സ്മാർട്ട് എൻജിനിയറിംഗ് ആൻഡ് ഡിസൈൻ സൊലൂഷൻസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡാണ് (എസ്.ഇ.ഡി.എസ്).
പ്രതിരോധമേഖലയിൽ സ്വകാര്യപങ്കാളിത്ത പദ്ധതിയിൽ അംഗീകാരം നേടിയ രാജ്യത്തെ പ്രമുഖ കപ്പൽരൂപകല്പന സ്ഥാപനമാണിത്. കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച് മുംബയിൽ നടന്ന ചടങ്ങിൽ നാവികസേനയുടെ ഭാഗമായ ഐ.എൻ.എസ് മാഹിയുടെ രൂപകല്പന നിർവഹിച്ചത് എസ്.ഇ.ഡി.എസ് ആണ്. മലയാളിയായ ആന്റണി പ്രിൻസ് 2007ൽ ആരംഭിച്ചതാണ് ഈ കമ്പനി.
സ്വദേശത്തും വിദേശത്തുമുള്ളവർക്കായി യാനങ്ങൾ രൂപകല്പന ചെയ്ത എസ്.ഇ.ഡി.എസിന്റെ ഏറ്റവും വലിയ പദ്ധതിയാണ് ഐ.എൻ.എസ് മാഹി.
നാവികസേനയ്‌ക്കായി കപ്പൽ നിർമ്മിക്കാൻ കരാർ ലഭിച്ചത് കൊച്ചി ഷിപ്പ്‌യാർഡിനാണ്. ഷിപ്പ്‌യാർഡിനായി സമ്പൂർണ രൂപകല്പന കരാറാണ് എസ്.ഇ.ഡി.എസ് നേടിയതെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹരിരാജ് പുളിയങ്കോടൻ കേരളകൗമുദിയോട് പറഞ്ഞു. കപ്പലിന്റെ ഇന്ധനം മുതൽ എന്തൊക്കെ ആയുധങ്ങൾ, എവിടെയൊക്കെ ഘടിപ്പിക്കണമെന്നതുൾപ്പെടെ ഡിസൈനിലാണ് തീരുമാനിക്കുന്നത്.
മലയാളി ടീം
എൻജിനിയർമാരുൾപ്പെടെ 160 പേരാണ് എസ്.ഇ.ഡി.എസിലുള്ളത്. എല്ലാവരും മലയാളികൾ. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽനിന്ന് ഷിപ്പ് ബിൽഡിംഗ് ബി.ടെക് നേടിയവരാണ് ജീവനക്കാരിൽ കൂടുതലും.
മറ്റ് രൂപകല്പനകൾ
1. നാവികസേനയുടെ വിമാനവാഹിനി കപ്പലിനെ സഹായിക്കാൻ അഞ്ചു കപ്പൽ
2. കൊൽക്കത്തയിലെ ഗാർഡൻറീച്ച് ഷിപ്പ്‌യാർഡിനായി 12 കപ്പൽ
3. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയ്‌ക്ക് രണ്ടു കപ്പൽ
4. കോസ്റ്റ് ഗാർഡിനായുള്ള കപ്പലുകൾ, മസഗോൺ ഷിപ്പ്‌ബിൽഡേഴ്സിനായി 6 കപ്പൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |