
മലിന ജലവും വേകാത്ത മാംസവും വില്ലൻ
തിരുവനന്തപുരം: മഴ തുടർച്ചയായതോടെ ഭക്ഷ്യവിഷബാധ കാരണം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. വയറിളക്കവും ഛർദിയുമാണ് പ്രശ്നം.
ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതിലേറെയും കുട്ടികളിലും യുവാക്കളിലുമാണ്. ഇതിലേറെയും പുറമെ നിന്നുള്ള ഭക്ഷണം കഴിച്ചവരാണ്. വഴിയോര കടകളിലും പല ഹോട്ടലുകളിലും മഴക്കാലമായതോടെ മലിനജലമാണ് ഉപയോഗിക്കുന്നത്. ഇതാണ് പ്രധാനമായും ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുന്നത്. മാംസ ഭക്ഷണം കഴിക്കുന്നവരിലും അസ്വസ്ഥതകൾ കൂടുതലായി കാണപ്പെടുന്നു. അനാരോഗ്യകരമായ സാഹചര്യത്തിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിച്ചവരും ബുദ്ധിമുട്ട് നേരിടുന്നു.
മലിനജലം മാത്രമല്ല, പഴകിയ മാംസം,നന്നായി വേവാത്ത മാംസം എന്നിവയെല്ലാം പ്രശ്നകാരാണ്. ഷവർമ,മന്തി,ഷാവായ് തുടങ്ങിയവ തയാറാക്കുമ്പോൾ ഉള്ളിലെ മാംസ ഭാഗങ്ങൾ വെന്തെന്ന് ഉറപ്പാക്കണം. വേവാത്ത മാംസത്തിൽ അപകടകാരികളായ ബാക്ടീരിയകൾ വളരുകയും അതു ശരീരത്തിൽ പ്രവേശിക്കുന്നത് ഭക്ഷ്യ വിഷബാധയ്‌ക്ക് കാരണമാകുകയും ചെയ്യുന്നു. തലേ ദിവസത്തെ മാംസം വീണ്ടും വേവിക്കാതെ ഉപയോഗിക്കുന്നതും പ്രശ്നമാണ്. ഫ്രിഡ്‌ജിൽ നിന്നെടുക്കുന്ന മാംസം സാധാരണ താപനിലയിൽ എത്തുന്നതിന് മുൻപ് പാചകം ചെയ്യുമ്പോൾ ഉള്ളിലുള്ള ഭാഗം വേകാറില്ല . മയൊണൈസും വിഷബാധയ്ക്കു കാരണമായേക്കാം.സാൽമൊണെല്ല, സ്റ്റഫൈലോകോക്കസ് എന്നീ ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നത്.
ചികിത്സ ഉടൻ വേണം
ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിച്ച് ആറു മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കും. ചിലത് 72 മണിക്കൂറിനു ശേഷമായിരിക്കും പ്രവർത്തിച്ചു തുടങ്ങുക. ഗുരുതരമായി കഴിഞ്ഞാൽ ഇതു മറ്റ് അവയവങ്ങളെ ബാധിക്കും. സ്ഥിതി കൂടുതൽ ഗുരുതരമാകും.
മുൻകരുതലുകൾ
ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക.
തണുത്ത സ്ഥലത്തു സൂക്ഷിച്ച ഭക്ഷണം ചൂടാക്കിയ ശേഷം ഉപയോഗിക്കുക. ചൂടാക്കിയവ പിന്നീട് ഫ്രിജിൽ സൂക്ഷിക്കരുത്.
ഭക്ഷണം നന്നായി വെന്തിട്ടുണ്ടെന്നും നിറ വ്യത്യാസം ഇല്ലെന്നും ഉറപ്പാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |