
കൊച്ചി: മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ യഥാര്‍ത്ഥ പേര് മുഹമ്മദ് കുട്ടി എന്നാണ്. ഇക്കാര്യം അറിയാത്തവര്‍ വളരെ ചുരുക്കമാണ്. സിനിമ മേഖലയില്‍ എത്തിയതിന് ശേഷമാണ് മുഹമ്മദ് കുട്ടി മമ്മൂട്ടിയായി മാറിയത് എന്നതും ഒരു പുതിയ കാര്യമല്ല. എന്നാല്‍ ആരാണ് മലയാള സിനിമയിലെത്തിയ മുഹമ്മദ് കുട്ടിക്ക് മമ്മൂട്ടിയെന്ന് പേരിട്ടത്. അതിന് പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി നിരവധിപേര്‍ അഭിമുഖങ്ങള്‍ നല്‍കുകയും അത് മാദ്ധ്യമങ്ങളില്‍ അച്ചടിച്ച് വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ് അങ്ങനെ ഒരു പേരിന് പിന്നിലെന്ന് വെളിപ്പെടുത്തുകയാണ് മമ്മൂട്ടി തന്നെ.
ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് തന്റെ പേരിന് പിന്നിലെ ആ വലിയ രഹസ്യം പരസ്യമാക്കിയത്. മാത്രമല്ല തനിക്ക് മമ്മൂട്ടിയെന്ന് പേരിട്ട എടവനക്കാട് സ്വദേശിയായ ശശിധരനെ വേദിയിലേക്ക് വിളിച്ച് എല്ലാവര്‍ക്കും പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു അദ്ദേഹം. എങ്ങനെയാണ് മമ്മൂട്ടിയെന്ന പേര് തനിക്ക് വന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
മമ്മൂട്ടിയുടെ വാക്കുകള്‍: മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് ആണ് സംഭവം. മുഹമ്മദ് കുട്ടി എന്ന പേര് എനിക്ക് അപരിഷ്‌കൃതമായി തോന്നി. വലിയ പരിചയമില്ലാത്ത സുഹൃത്തുക്കളോട് പേരെന്താണ് എന്ന് ചോദിക്കുമ്പോള്‍ ഒമര്‍ ഷെരീഫ് എന്ന് പറഞ്ഞിരുന്നു. ഒമറേ എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. ഒരിക്കല്‍ കൂട്ടുകാരുമായി നടക്കുമ്പോള്‍ പോക്കറ്റില്‍ നിന്ന് എന്റെ ഐഡന്റീറ്റി കാര്‍ഡ് താഴെ വീണു. അത് ഒരു കൂട്ടുകാരന്‍ എടുത്ത് നോക്കിയിട്ട് നിന്റെ പേര് ഒമര്‍ എന്ന് അല്ലല്ലോ മമ്മൂട്ടി എന്നല്ലേ? അന്ന് മുതലാണ് സുഹൃത്തുക്കളുടെ ഇടയിലും ഇപ്പോള്‍ നിങ്ങള്‍ക്ക് ഇടയിലും മമ്മൂട്ടി എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. പലരും ചോദിച്ചു ആരാണ് ആ പേരിട്ടതെന്ന്. പലരും സ്വമേധയാ മുന്നോട്ട് വന്ന് അവരാണ് പേരിട്ടത് എന്ന് പറഞ്ഞു. പക്ഷേ എനിക്ക് അറിയുന്നത് എടവനക്കാട് സ്വദേശി ശശിധരന്‍ ആണ്. ഇത്രയും കാലം ഒളിച്ച് വച്ചിരിക്കുകയായിരുന്നുവെങ്കിലും നാലാളുടെ മുന്നില്‍ ഇദ്ദേഹത്തെ പരിചയപ്പെടുത്തണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |