
മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ആളാണ് നടന്‍ തിലകന്‍. അദ്ദേഹം അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങള്‍ ഇന്നും മലയാളിയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. പ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല ചലച്ചിത്ര താരങ്ങള്‍ക്കിടയില്‍ പോലും മഹാനടനായ തിലകന് ആരാധകര്‍ നിരവധിയാണ്. സ്ഫടികം എന്ന ചിത്രത്തില്‍ തിലകന്‍ ഗംഭീരപ്രകടനം കാഴ്ചവച്ച ചാക്കോ മാഷിന്റെ കഥാപാത്രത്തെക്കുറിച്ചും തനിക്കുണ്ടായ അന്നത്തെ അനുഭവത്തെക്കുറിച്ചും നടന്‍ രൂപേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍.
സ്ഫടികത്തില്‍ മോഹന്‍ ലാല്‍ അവതരിപ്പിച്ച ആട് തോമ എന്ന കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ച താരമാണ് രൂപേഷ്. ചിത്രത്തില്‍ തന്റെ അച്ഛനായി അഭിനയിച്ച തിലകനില്‍ നിന്ന് തനിക്കുണ്ടായ അനുഭവമാണ് അഭിമുഖത്തില്‍ രൂപേഷ് പറയുന്നത്.
രൂപേഷിന്റെ വാക്കുകള്‍: 'സ്ഫടികത്തില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ തിലകന്‍ അങ്കിള്‍ എന്നെ കണ്ടാല്‍ മൈന്‍ഡ് ചെയ്യാതെ നടക്കും. സംസാരിക്കുകയാണെങ്കില്‍ തന്നെ പുള്ളി അന്ന് ശബ്ദം കടുപ്പിച്ച് ഒക്കെ മാത്രമേ സംസാരിച്ചിരുന്നുള്ളൂ. ഇങ്ങേര്‍ക്ക് ഇത് എന്താണ് എന്നോട് ഇത്ര കലിപ്പ് എന്ന രീതിയിലാണ് ഞാന്‍ ഇതിനെ കണ്ടുകൊണ്ടിരുന്നത്. അങ്ങനെ പോയി പോയി ആ സിനിമ മുഴുവന്‍ സെറ്റില്‍ വെച്ച് എന്നോട് സംസാരം തന്നെ ഉണ്ടായിരുന്നില്ല.
പിന്നീട് 2010ല്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് തിലകന്‍ അങ്കിളിനെ വീണ്ടും കാണാന്‍ ഇടയായി. 15 കൊല്ലത്തിന് ശേഷമാണ് എന്ന് ആലോചിക്കണം. മൂപ്പര് കാറില്‍ നിന്ന് പുറത്ത് ഇറങ്ങിയതും എന്നെ കണ്ടു. ഞാന്‍ പോയി എന്നെ പരിചയപ്പെടുത്തണം ഇന്ന ആളാണ് ഞാന്‍ എന്ന് പറയാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം ദൂരെ നിന്ന് എന്നെ നോക്കിയിട്ട് ഡാ തോമാ എന്ന്. ഞാന്‍ ആണെങ്കില്‍ എന്റെ അമ്മേ എന്ന് പറഞ്ഞ് ഇരിക്കുകയാണ്. അന്ന് അവിടെ വെച്ച് മൂപ്പര് എന്നോട് ഒരു കാര്യം പറഞ്ഞു. അന്ന് ഞാന്‍ ദേഷ്യത്തില്‍ സംസാരിച്ചതില്‍ നിനക്ക് ഇപ്പോ ദേഷ്യം ഉണ്ടോ. നമ്മുടെ കഥാപാത്രങ്ങള്‍ അങ്ങനെ ആയിരുന്നു. ഞാന്‍ സോഫ്റ്റായി സംസാരിച്ചാല്‍ അത് നിന്റെ അഭിനയത്തെ ബാധിക്കും. അതുകൊണ്ടാണ് അന്ന് അങ്ങനെ ചെയ്തത്.'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |