
പാലക്കാട്: യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ കേരളംവിട്ടെന്ന് സൂചന. അറസ്റ്റുണ്ടാകുമെന്ന് പേടിച്ച് തമിഴ്നാട്ടിലേക്ക് പോയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാഹുലിന്റെ മൂന്ന് നമ്പരും രണ്ട് സഹായികളുടെ നമ്പരും സ്വിച്ച് ഓഫാണ്. കൂടാതെ എംഎൽഎ ഓഫീസും പൂട്ടിയനിലയിലാണ്. പാലക്കാട്ടെ മുതിർന്ന നേതാക്കളെയൊന്നും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം.
രാഹുലിന്റെ അടൂരിലെ വീടിന് പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാഹുലിന്റെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുള്ളത്. പ്രതിഷേധം ഉണ്ടാകാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് പൊലീസ് ഇന്നലെ രാത്രി മുതൽ കാവലേർപ്പെടുത്തിയത്. വിവിധ യുവജന സംഘടനകളുടെ പ്രതിഷേധ മാർച്ച് ഇങ്ങോട്ടേക്ക് ഉണ്ടാകുമെന്നാണ് പൊലീസിന് കിട്ടിയ വിവരം.
അതേസമയം, അറസ്റ്റ് ഒഴിവാക്കുന്നതിനായി രാഹുൽ നിയമസഹായം തേടിയിട്ടുണ്ട്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തെയാണ് സമീപിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യഹർജി നൽകുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്‌തെന്നാണ് വിവരം.
മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ നേരിട്ട് സമീപിക്കുന്നതിൽ തടസങ്ങളുണ്ട്. സെഷൻസ് കോടതിയിലാണ് ആദ്യം മുൻകൂർ ജാമ്യഹർജി നൽകേണ്ടതെന്ന് സുപ്രീംകോടതി അടുത്തിടെ നിർദ്ദേശിച്ചിരുന്നു. പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിക്കാനാകുമോ എന്നതും പരിശോധിച്ചുവരികയാണെന്നാണ് വിവരം.
യുവതി നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത് ഉചിതമല്ലെന്ന് അഡ്വ. ജോർജ് പൂന്തോട്ടം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് പൊലീസ് സ്‌റ്റേഷനാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |