
ബേപ്പൂർ: ഗോതീശ്വരം ഭാഗത്ത് ചെങ്കൽപാറകളിൽ വളരുന്ന കടുക്ക (കല്ലുമ്മക്കായ) പറിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷം. ഗോതീശ്വരം കടുക്ക തൊഴിലാളികളും പ്രദേശവാസികളും തമ്മിൽ അഭിപ്രായ ഭിന്നത ഉടലെടുത്തതോടെ ഗോതീശ്വരം കടുക്ക മേഖല പ്രതിസന്ധി നേരിടുകയാണ്.
ഈ ഭാഗത്ത് കരയിൽ നിന്നും കടലിലേക്ക് രണ്ട് കിലോമീറ്റർ നീളത്തിൽ 60 മീറ്റർ വീതിയിലുമുള്ള ചെങ്കൽ പാറകളിലാണ് കടുക്ക കുഞ്ഞുങ്ങൾ വളരുന്നത്. വലുപ്പത്തിന്റേയും രുചിയുടേയും കാര്യത്തിൽ ഗോതീശ്വരം കടുക്കക്ക് വൻ ഡിമാന്റാണ്.
ഗോതീശ്വരം ഭാഗത്തുനിന്നും കടുക്ക കുഞ്ഞുങ്ങളെ പ്രദേശവാസികളിൽ ചിലർ വേട്ടയാടി ചുരുങ്ങിയ വിലക്ക് വിറ്റഴിക്കുന്നു എന്നാരോപിച്ച് ഗോതീശ്വരം കടുക്ക തൊഴിലാളികൾ ബേപ്പൂർ പൊലീസ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ് എന്നിവർക്ക് പരാതി നൽകിയിരുന്നു.
വിൽപനക്കല്ല ഞങ്ങൾ കടുക്ക പറിക്കുന്നതെന്നും സ്വന്തം ആവശ്യത്തിനാണെന്നും കടുക്ക പൂർണ വളർച്ച എത്തുമ്പോൾ ദൂരദേശത്ത് നിന്നുള്ളവർ എത്തി കടുക്ക പറിക്കുകയാണെന്നും ഗോതീശ്വരം നിവാസികൾക്ക് വളർച്ച എത്തിയ കടുക്ക ലഭിക്കാത്ത സാഹചര്യത്തിലാണ് പൂർണ വളർച്ചക്ക് മുമ്പ് കടുക്ക പറിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പൂർണ വളർച്ച എത്തിയ കടുക്കക്ക് 4 ഇഞ്ചോളം വലുപ്പമുണ്ടാകും ഏപ്രിൽ ,മെയ് മാസങ്ങളിലാണ് പൂർണ വളർച്ച എത്തിയ കടുക്കയുടെ വിളവെടുപ്പ് നടക്കുന്നത്.
50 കിലോ വരുന്ന ഒരു ചാക്ക് കടുക്ക ക്കുഞ്ഞുങ്ങളെ 1500 രൂപക്കാണത്രെ വിറ്റഴിക്കുന്നത്. ഒരു ചാക്ക് കടുക്കക്കുഞ്ഞുങ്ങൾ 3 മാസം കഴിയുന്നോൾ പത്ത് ചാക്ക് കടുക്ക ആയി തീരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഗോതീശ്വരം ഭാഗത്ത് കടുക്ക കുഞ്ഞുങ്ങളെ വേട്ടയാടുന്നതിനാൽ ഗോതീശ്വരത്തെ തൊഴിലാളികൾക്ക് മറ്റ് പ്രദേശങ്ങളിൽ കടുക്ക പറിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.
ഗോതീശ്വരം ഭാഗത്ത് ആവശ്യക്കാർക്ക് കടുക്കയുടെ അളവ് നോക്കാതെ പറിക്കാം എന്നാണ് സ്റ്റേഷനിൽ വെച്ച് ചേർന്ന യോഗത്തിൽ പൊലീസ് അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിൽ കടുക്ക തൊഴിലാളികളും കടുക്ക കുഞ്ഞുങ്ങളെ വേട്ടയാടുമ്പോൾ കടുക്ക പൂർണമായും ഇല്ലാതാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |