
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുലിന് ഇരയായത് ഒരു പെൺകുട്ടി മാത്രമല്ലെന്നും പതിനഞ്ച് പെൺകുട്ടികളേയും ആൺകുട്ടികളേയും പീഡിപ്പിച്ചെന്നുമാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
'രാഹുൽ 15 പെൺകുട്ടികളെയും ആൺകുട്ടികളെയും പീഡിപ്പിച്ചു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നത്. രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും. ഉന്നതർ രാഹുലിനെ സഹായിക്കുന്നുണ്ട്. എംഎൽഎയ്ക്ക് മുകളിലുള്ളവരും സഹായിക്കുന്നുണ്ട്'-.സുരേന്ദ്രൻ പറഞ്ഞു
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലെെംഗിക പീഡന കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘം. ഉത്തരവ് വെെകുന്നേരത്തോടെ ഇറങ്ങുമെന്നാണ് വിവരം. അതിനിടെ രാഹുൽ മുൻകൂർ ജാമ്യഹർജി നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്.
രാഹുലിനെതിരായ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. തിരുവനന്തപുരത്തും പാലക്കാട്ടും എത്തിച്ച് ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി അതുകാണിച്ച് ബലാത്സംഗം ചെയ്തെന്നും എഫ്ഐആറിലുണ്ട്. ഗർഭിണിയായശേഷവും പീഡിപ്പിച്ചുവെന്നും എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10 വർഷം തടവ് കിട്ടാവുന്ന കുറ്റമാണ് നിർബന്ധിത ഭ്രൂണഹത്യ. യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലും സുഹൃത്തും പ്രതിപട്ടികയിലുണ്ട്. ഗർഭഛിദ്രത്തിനായി രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് വഴിയാണ് ഗുളികയെത്തിച്ചതെന്നും യുവതി മൊഴി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |