
കാലിക്കറ്റിനോട് തോറ്റ കണ്ണൂർ വാരിയേഴ്സിന്റെ സെമിസാദ്ധ്യത തുലാസിൽ
കണ്ണൂർ : സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കാലിക്കറ്റ് എഫ്.സിയോട് തോറ്റ കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ സെമിസാദ്ധ്യതകൾ തുലാസിലായി.
24-ാം മിനിട്ടിൽ റിൻകോണിലൂടെ കാലിക്കറ്റാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്.65-ാം മിനിട്ടിൽ മുഹമ്മദ് ആഷിഖിലൂടെ കാലിക്കറ്റ് വീണ്ടും മുന്നിലെത്തി. 74-ാം മിനിട്ടിൽ അഡ്രിയാൻ സാർഡിയേനീറോയിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് കണ്ണൂർ മത്സരത്തിലേക്ക് തിരിച്ചുവരാൻ നോക്കി. സമനിലയെങ്കിലും പിടിച്ച് സെമിസാദ്ധ്യത തെളിക്കാനുള്ള കണ്ണൂരിന്റെ പിന്നീടുള്ള ശ്രമങ്ങളൊക്കെയും വിഫലമാവുകയായിരുന്നു.
കണ്ണൂർ ആണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. എന്നാൽ 24 ാം മിനിട്ടിൽ കാലിക്കറ്റ് ലീഡ് എടുത്തു. ഇടത് വിംഗിൽ നിന്ന് മുഹമ്മദ് ആഷിഖ് ഇടത് കാലുകൊണ്ട് നൽകിയ ക്രോസ് സെക്കന്റ് പോസ്റ്റിൽ നിലയുറപ്പിച്ചിരുന്ന സെബാസ്റ്റ്യൻ റിൻകൻ ടാപ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു. 35 ാം മിനിട്ടിൽ മനോജ് നല്‍കിയ ക്രോസിൽ മുഹമ്മദ് സിനാന്‍ ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
51 ാം മിനിട്ടിൽ കണ്ണൂരിന്റെ ക്യാപ്റ്റൻ അഡ്രിയാൻ സർഡിനേറോ പന്തുമായി ഒറ്റയ്ക്ക് മുന്നേറി പോസ്റ്റിലേക്ക് ഷോട്ട് അടിച്ചെങ്കിലും കാലിക്കറ്റ് കീപ്പർ ഹജ്മൽ തട്ടി അകറ്റി. 64 ാം മിനുട്ടിൽ കാലിക്കറ്റിന് ഗോളെന്ന് ഉറപ്പിച്ച അവസരം. കാലിക്കറ്റ് അറ്റാക്കിംങ് താരം റിന്‍കന്‍ ഗോള്‍ കീപ്പറെയും മറികടന്ന് ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും കണ്ണൂരിന്റെ പ്രതിരോധ താരം നിക്കോളാസിന്റെ ലോക നിലവാരത്തിലുള്ള സേവ്. 65 ാം മിനുട്ടില്‍ കാലിക്കറ്റ് ലീഡ് രണ്ടാക്കി ഉയർത്തി. പകരക്കാരനായി എത്തിയ ബോസോ ബോക്‌സിലേക്ക് കയറി ഇടത് കാലുകൊണ്ട് മൂഹമ്മദ് ആഷിഖിന് നൽകി. ആഷിഖ് ഗോളാക്കി മാറ്റി. 71 ാം മിനുട്ടില്‍ കാലിക്കറ്റ് പ്രതിരോധ താരം സോസ വരുത്തി പിഴവ് സിനാന്‍ പിടിച്ചെടുത്ത് അഡ്രിയാന് നല്‍കി. പന്തുമായി മുന്നേറിയ അഡ്രിയാന്‍ ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും കാലിക്കറ്റ് പ്രതിരോധ താരം സോസയുടെ കൈകളില്‍ തട്ടി. റഫറി പെനാല്‍റ്റി വിളിച്ചു. 74 ാം മിനിട്ടിൽ അഡ്രിയാർ സർഡിനേറോയുടെ പെനാൽറ്റിയിലൂടെ കണ്ണൂർ ഒരു ഗോൾ തിരിച്ചടിച്ചു.
ഈ വിജയത്തോടെ ഒൻപത് മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി കാലിക്കറ്റ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 10 പോയിന്റുള്ള കണ്ണൂർ അഞ്ചാം സ്ഥാനത്താണ്. കണ്ണൂരിന് ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ടെങ്കിലും മൂന്നാം സ്ഥാനക്കാരായ തിരുവനന്തപുരത്തിനും നാലാമതുള്ള മലപ്പുറത്തിനും രണ്ട് കളികളുണ്ട്. ഇന്ന് മലപ്പുറവും തിരുവനന്തപുരവും തമ്മിൽ നടക്കുന്ന മത്സരം കണ്ണൂരിന് നിർണായകമാണ്.
ഇന്നത്തെ കളി
തിരുവനന്തപുരം കൊമ്പൻസ് Vs മലപ്പുറം എഫ്.സി
7.30 pm മുതൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |