
മഞ്ചേരി : എടവണ്ണ ഒതായി പള്ളിപ്പറമ്പൻ മനാഫ് വധക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ശിക്ഷ ഇന്ന് വിധിക്കും. മുൻ എം.എൽ.എ പി.വി.അൻവറിൻ്റെ സഹോദരീ പുത്രനാണ് ഷെഫീഖ്. മറ്റ് മൂന്ന് പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് മഞ്ചേരി രണ്ടാം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.വി ടെല്ലസ് വെറുതെ വിട്ടു. ഒന്നാം സാക്ഷി ഉൾപ്പെടെയുള്ള സാക്ഷികൾ കുറുമാറിയതിനാൽ രണ്ടാം പ്രതിയായിരുന്ന പി.വി.അൻവർ ഉൾപ്പെടെ 21 പ്രതികളെ 2009 സെപ്തംബർ 24ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിട്ടയച്ചിരുന്നു.
മൂന്നാംപ്രതിയും ഷെഫീഖിൻ്റെ സഹോദരനുമായ മാലങ്ങാടൻ ഷെരീഫ്, 17-ാം പ്രതി നിലമ്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19-ാം പ്രതി എളമരം പയ്യനാട്ട് തൊടിക കബീർ എന്നിവരെയാണ് ഇന്നലെ വിട്ടയച്ചത്. ഒന്നാം പ്രതിക്കെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്. കൊലപാതകം നടന്ന് 30 വർഷത്തിനു ശേഷമാണ് ശിക്ഷാവിധി.
1995 ഏപ്രിൽ 13-ന് ഒതായി അങ്ങാടിയിൽ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. മനാഫിൻ്റെ കുടുംബവും പ്രതികളുടെ കുടുംബവും തമ്മിൽ ഭൂമി സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മനാഫിന്റെ സഹോദരങ്ങൾ നടത്തിയ നിയമ പോരാട്ടത്തെ തുടർന്നാണ് സംഭവശേഷം ഒളിവിൽ പോയ പ്രധാന നാലു പ്രതികളെ വർഷങ്ങൾക്ക് ശേഷം പിടികൂടിയത്. പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി ഇൻ്റർ പോളിൻ്റെ സഹായത്തോടെ പിടികൂടാൻ 2018ൽ മഞ്ചേരി ഫസ്‌റ്റ് ക്ലാസ് കോടതി ഉത്തരവിട്ടിരുന്നു. അതോടെ ഷെരീഫ് ഉൾപ്പെടെ മൂന്ന് പ്രതികൾ കീഴടങ്ങി. ദുബായിലായിരുന്ന ഒന്നാം പ്രതി ഷെഫീഖ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയപ്പോൾ 2020 ജൂൺ നാലിന് പിടിയിലാവുകയും കേസിൻ്റെ വിചാരണ തുടങ്ങുകയും ചെയ്‌തു. നേരത്തെ 21 പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ മനാഫിന്റെ കുടുംബാംഗം നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചവർക്കെതിരെ അപ്പീൽ നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |