SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.23 PM IST

മനോരമ കൊലക്കേസ് : പ്രതി ആദം അലിക്ക് ജീവപര്യന്തവും പിഴയും

Increase Font Size Decrease Font Size Print Page
ds

തിരുവനന്തപുരം : കേശവദാസപുരത്ത് പട്ടപ്പകൽ മനോരമയെ (68) കൊന്ന് കിണറ്റിലിട്ട പ്രതി ബംഗാൾ സ്വദേശി ആദം അലിക്ക് ജീവപര്യന്തം കഠിനതടവും 90000 രൂപ പിഴയും ശിക്ഷ വിധിച്ചു.തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. പണം മനോരമയുടെ ഭർത്താവിന് നൽകണം. കോടതി വിധി കേട്ടതിന് പിന്നാലെ പ്രതി ഇറങ്ങി ഓടി.

ഇന്നലെ രാവിലെ കേസ് കോടതി പരിഗണിച്ച് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഉച്ചക്ക് മൂന്നിന് ശിക്ഷ വിധിച്ചു. പിന്നാലൊണ് നാടകീയ രംഗങ്ങൾ . വിധി കേട്ട ആദം അലി കോടതി മുറിയ്ക്കുള്ളിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. കോടതിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് വിലങ്ങ് മാറ്റിയിരുന്നു. മുകളിലെ നിലയിൽ നിന്ന് ഇറങ്ങി ഓടിയ പ്രതിയെ അഭിഭാഷകരും പൊലീസും ചേർന്ന് കോടതി വളപ്പിലിട്ട് പിടി കൂടി. കൊലയാളിയ്ക്കൊപ്പം കോടതിയിൽരണ്ട് പൊലീസുകാർ മാത്രമാണ് എത്തിയതെന്ന ആക്ഷേപമുണ്ട്. വർഷങ്ങൾക്ക് മുമ്പ് പ്രതിപിടിയിലായപ്പോഴും ഇത്തരത്തിൽ പൊലീസിനെ വെട്ടിച്ച് ഓടിയിരുന്നു.

2021ലാണ് കേസിനാസ്‌പദമായ സംഭവം. കേശവദാസപുരം രക്ഷാപുരി റോഡിൽ മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ബംഗാൾ കുച്ച് ബിഹാർ സ്വദേശി ആദം അലി കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച മനോരമയുടെ വീട്ടിൽ ഭർത്താവില്ലെന്ന് ഉറപ്പിച്ചാണ് പ്രതി കൃത്യം നടത്തിയത്. കുത്തിയ ശേഷം സാരി ചുറ്റി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

മൃതദേഹം സമീപത്തെ പറമ്പിലെ പൊട്ടക്കണറിൽ ഉപേക്ഷിച്ചു. കൊലപാതകത്തിനു ശേഷം തിരുവനന്തപുരത്തുനിന്ന് ബംഗാളിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 2022ൽചെന്നൈയിൽ റെയിൽവേ സുരക്ഷാ സേനയുടെ പിടിയിലാവുകയായിരുന്നു

. മോഷണത്തിനായാണ് കൊലപാതകം . മനോരമയുടെ വീടിനടുത്ത് നിർമാണം നടക്കുന്ന വീടിന്റെ ജോലിക്കായാണ് ആദം അലി ഉൾപ്പെടെ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയത്. ഒരു മാസത്തോളം മനോരമയുടെ വീട്ടിൽ വെള്ളമെടുക്കാൻ വന്നിരുന്നതിനാൽ വീടിനെക്കുറിച്ചും താമസക്കാരെക്കുറിച്ചും പ്രതിക്കു കൃത്യമായ ധാരണയുണ്ടായിരുന്നു. മനോരമയുടെ ഭർത്താവ് വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയ സമയത്താണ് വീടിന്റെ പിന്നിൽവച്ച് കൊല നടത്തിയത്. മൃതദേഹം വലിച്ചിഴച്ച് തൊട്ടടുത്തുള്ള സ്ഥലത്തെ കിണറ്റിൽ തള്ളി. മൃതദേഹം പൊങ്ങി വരാതിരിക്കാൻ കാലിൽ ഇഷ്ടിക കെട്ടി. സംശയം തോന്നിയ പൊലീസ് കൂടെ ജോലി ചെയ്തവരെ ചോദ്യം ചെയ്തും സി.സി.ടി.വി കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതിയെ പിടി കൂടിയത്.

TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY