
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ജില്ലാ സെഷൻസ് കോടതി നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് തന്റെ ഭാഗം ന്യായീകരിക്കാനുള്ള തെളിവുകൾ അഭിഭാഷകൻ മുഖേന രാഹുൽ ഹാജരാക്കിയത്.
ഫോട്ടോകൾ, വാട്സാപ്പ് സന്ദേശങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ, ഫോൺ രേഖകളിൽ തിരിമറിയോ മാറ്റങ്ങളോ വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്ന ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, അതിജീവിതയുമായുളള ശബ്ദ സന്ദേശങ്ങളുടെ പെൻഡ്രൈവ് എന്നിവയാണ് ഹാജരാക്കിയത്. തെളിവുകൾ ആധികാരികമാണെന്ന് ബോദ്ധ്യപ്പെടുത്താനാണ് ഹാഷ് വാല്യു സർട്ടിഫിക്കറ്റ്.
അതേസമയം, രാഹുലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനായി എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘം പരിശോധനകൾ നടത്തുന്നുണ്ട്. തെളിവുശേഖരണം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അറസ്റ്റുൾപ്പടെയുള്ള നടപടികൾ ബുധനാഴ്ചയ്ക്കു ശേഷമേ ഉണ്ടാകൂവെന്നും അന്വേഷണസംഘം വ്യക്തമാക്കി.
രക്ഷപ്പെട്ട ചുവന്ന കാർ
ചലച്ചിത്ര താരത്തിന്റേത്?
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട് നിന്ന് രക്ഷപ്പെട്ട കാറിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സ്വന്തം കാർ ഉപേക്ഷിച്ച് ചുവന്ന നിറത്തിലുള്ള കാറിലാണ് യാത്രചെയ്തതെന്നാണ് സൂചന. ഒരു ചലച്ചിത്ര താരത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറെന്നും വിവരമുണ്ട്. രാഹുലിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ജോബി ജോസഫും ഒപ്പമുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
ദൃശ്യങ്ങൾ മായ്ച്ചു
പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് രാഹുൽ പോകുംമുമ്പ് അവിടെ അവസാനം എത്തിയതിന്റെ സി.സി ടിവി ദൃശ്യങ്ങൾ ഡി.വി.ആറിൽ നിന്ന് മായ്ച്ചുകളഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫ്ലാറ്റിന്റെ കെയർ ടേക്കറിൽ നിന്ന് അന്വേഷണ സംഘം വിവരം തേടി. രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലർക്കുകൂടി മൊഴിയെടുക്കലിന് ഹാജരാകാൻ നോട്ടീസും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |