
ചെന്നൈ: ഡിറ്റ്‌വാ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ മഴ സാരമായി ബാധിച്ചു. കൊച്ചി- ചെന്നൈ വിമാനമുൾപ്പെടെ 50ഓളം സർവീസുകൾ റദ്ദാക്കി. 29ഓളം സർവീസുകൾ ഒരു മണിക്കൂർ മുതൽ അഞ്ച് മണിക്കൂർ വരെ വൈകി.
ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്നാട്ടിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവള്ളൂരിൽ റെഡ് അലർട്ടും ചെന്നൈ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.
ചെന്നൈയിലും തിരുവള്ളൂരിലും കഴിഞ്ഞ ദിവസം കേന്ദ്ര ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പല സ്ഥലങ്ങളും സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. തെക്കൻ ആന്ധ്രയിലെ തീരദേശ ജില്ലകളിലും ജാഗ്രതയുണ്ട്. ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും സംസ്ഥാന സർക്കാരുകളും ദുരന്തനിവാരണ ഏജൻസികളും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിറ്റ്‌വാ ഉടനെ തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കാൻ സാദ്ധ്യതയുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഡിറ്റ്‌വാ ന്യൂനമർദ്ദമായി മാറുമെന്നാണ് കരുതുന്നത്.
തമിഴ്നാട്ടിൽ
നാല് മരണം
ഡിറ്റ്‌വാ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മഴക്കെടുതിയിൽ തമിഴ്നാട്ടിൽ ഇതുവരെ നാല് പേരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
വൈദ്യുതാഘാതമേറ്റ് മയിലാടുതുറൈയിലും വില്ലുപുരത്തും രണ്ട് പേർ മരിച്ചു. തൂത്തുക്കുടിയിലും തഞ്ചാവൂരിലും മതിലിടിഞ്ഞുവീണാണ് രണ്ട് പേർ മരിച്ചത്.
582 കന്നുകാലികൾ ചത്തു. നൂറു കണക്കിന് വീടുകൾ തകർന്നെന്ന് റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |