
ബീജാപൂർ: ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളും പൊലീസിലെ സ്‌പെഷ്യലൈസ്‌ഡ് യൂണിറ്റായ ജില്ലാ റിസർവ് ഗാർഡുകളും (ഡിആർജി) തമ്മിൽനടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. 12 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. ബീജാപൂർ ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. ബീജാപൂർ-ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലെ വനത്തിൽ മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്‌ക്കെത്തിയ ഡിആർജി ജവാന്മാർ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുകയായിരുന്നുവെന്ന് ബസ്‌തർ റേഞ്ച് ഇൻസ്‌പെക്‌ടർ ജനറൽ സുന്ദർരാജ് പട്ടിലിംഗം പറഞ്ഞു.
ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇൻസ്‌പെക്‌ടർ ജനറൽ അറിയിച്ചു. ഡിആർജിയുടെ ദന്തേവാഡ, ബീജാപൂർ യൂണിറ്റിലുള്ളജവാന്മാർ, സ്‌പെഷ്യൽ ടാസ്‌ക് ഫോർസ്, സിആർപിഎഫിന്റെ എലൈറ്റ് വിഭാഗമായ കോബ്ര (കമാന്റോ ബറ്റാലിയൻ ഫോർ റിസൊല്യൂട്ട് ആക്ഷൻ) എന്നീ സംഘങ്ങളാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. 12 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും സിംഗിൾ ലോഡിംഗ് റൈഫിളുകൾ (എസ്‌എൽആർ), ഇൻസാസ് റൈഫിളുകൾ, .303 റൈഫിളുകൾ മറ്റ് ആയുധങ്ങൾ എന്നിവ ലഭിച്ചതായാണ് വിവരം.
ഹെഡ് കോൺസ്റ്റബിൾ മോനു വദാദി, കോൺസ്റ്റബിൾ ഡുക്കാരു ഗോണ്ടെ, ജവാൻ രമേശ് സോധി എന്നിവരാണ് വീരചരമമടഞ്ഞത്. ഇവർ ഡിആർജി ബീജാപൂർ യൂണിറ്റിൽ നിന്നുള്ളവരാണ്. പരിക്കേറ്റ ജവാന്മാർക്ക് അടിയന്തരമായി വൈദ്യസഹായം നൽകിയെന്നും ഇവർ അപകടനില തരണം ചെയ്‌തതായാണ് വിവരം. സ്ഥലത്ത് മാവോയിസ്റ്റുകൾക്കായി ഇപ്പോഴും തെരച്ചിൽ നടക്കുന്നുണ്ടെന്നാണ് സൂചന. ഇന്നത്തെ ഏറ്റുമുട്ടലോടെ ഛത്തീസ്‌ഗഡിൽ മാത്രം 275 മാവോയിസ്റ്റുകളെയാണ് ഈ വർഷം വധിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |