
ന്യൂഡൽഹി: ഇൻഡിഗോയിൽ വൻ പ്രതിസന്ധി. രാജ്യത്ത് ഇന്നലെ മാത്രം 200ഓളം വിമാനങ്ങൾ റദ്ദാക്കി. ഡൽഹി,മുംബയ് അടക്കമുള്ള വിമാനത്താവളങ്ങളിൽ അസാധാരണമായ തിരക്ക് അനുഭവപ്പെട്ടു. പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ചയും നൂറിലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു.തുടർച്ചയായി വൈകുകയും ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തത് യാത്രക്കാരെ വലച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി പ്രവർത്തനങ്ങൾ തടസപ്പെട്ടതായി ഇൻഡിഗോ വ്യക്തമാക്കി. ഉപഭോക്താക്കൾ നേരിട്ട ബുദ്ധിമുട്ടുകൾക്ക് കമ്പനി ക്ഷമ ചോദിച്ചു. സാങ്കേതിക പ്രശ്‌നങ്ങൾ,വിമാനത്താവളത്തിലെ തിരക്ക് തുടങ്ങിയ കാരണങ്ങളാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നിരവധി വിമാനങ്ങൾക്ക് കാലതാമസങ്ങളും ചില റദ്ദാക്കലുകളും ഉണ്ടാക്കിയത്. പ്രവർത്തനങ്ങൾ എത്രയും വേഗം സാധാരണ നിലയിലാകുമെന്നും ഇൻഡിഗോ കൂട്ടിച്ചേർത്തു.
അതേസമയം,പ്രതിദിനം 2,200ലധികം വിമാന സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. ചൊവ്വാഴ്ചയിലെ സർക്കാർ ഡാറ്റ അനുസരിച്ച് ഇൻഡിഗോ ഓൺ-ടൈം പെർഫോമൻസ് 35 ശതമാനമായി കുറഞ്ഞു. 1,400ത്തിലധികം വിമാനങ്ങൾ വൈകിയെന്നാണ് വിവരം. പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങളെ തുടർന്നുണ്ടായ പൈലറ്റുമാർ അടക്കമുള്ള ജീവനക്കാരുടെ ദൗർലഭ്യമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്. കാബിൻ ക്രൂ ലഭ്യമല്ലാത്തതിനാൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. എട്ട് മണിക്കൂർ വരെ ചില വിമാനങ്ങൾ വൈകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |