
ഡോളറിനെതിരെ രൂപ @ 90.21
കൊച്ചി: വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഇന്ത്യൻ രൂപയുടെ തകർച്ച രൂക്ഷമാക്കി. ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 90കടന്ന് മുന്നേറി. ഇന്നലെ 89.96ൽ വ്യാപാരം ആരംഭിച്ച രൂപ 25 പൈസ നഷ്ടവുമായി 90.21ൽ വ്യാപാരം അവസാനിപ്പിച്ചു.
റിസർവ് ബാങ്ക് പൂർണമായും വിപണിയിൽ നിന്ന് വിട്ടുനിന്നതാണ് മൂല്യത്തകർച്ച രൂക്ഷമാക്കിയത്. സാധാരണ രൂപയ്ക്ക് സമ്മർദ്ദമേറുമ്പോൾ റിസർവ് ബാങ്ക് പൊതുമേഖല ബാങ്കുകൾ വഴി വിപണിയിൽ ഡോളർ വിറ്റഴിക്കാറുണ്ട്. അമേരിക്കയിൽ പലിശ കുറയ്ക്കാനുള്ള തീരുമാനം വൈകിയതോടെ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാണ്. നടപ്പുവർഷം ആദ്യ 11 മാസങ്ങളിൽ 1.45 ലക്ഷം കോടി രൂപയാണ് വിദേശ ഫണ്ടുകൾ പിൻവലിച്ചത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി.
ക്രൂഡോയിൽ വില നേരിയ ഇടവേളയ്ക്ക് ശേഷം കുതിച്ചുയർന്നതും പ്രതികൂലമായി. അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കുന്നതിലെ കാലതാമസമാണ് നിക്ഷേപകർക്ക് ഇന്ത്യൻ വിപണിയിൽ താത്പര്യം നഷ്ടമാക്കുന്നത്.
നിക്ഷേപകർക്ക് ആശങ്ക
രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായതോടെ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ആശങ്ക ശക്തമാണ്. ആറ് മാസത്തിലേറെയായി നിയന്ത്രണവിധേയമായ നാണയപ്പെരുപ്പം കുതിച്ചുയരാൻ രൂപയുടെ റെക്കാഡ് മൂല്യത്തകർച്ച ഇടയാക്കും. രൂപയുടെ മൂല്യം കുറയുന്നതോടെ കയറ്റുമതിക്കാർക്ക് രാജ്യാന്തര വിപണിയിൽ മത്സരക്ഷമത മെച്ചപ്പെടുമെങ്കിലും ഇറക്കുമതി ചെലവ് കുത്തനെ കൂടും. കയറ്റുമതിയിലെ തളർച്ച ഇന്ത്യയുടെ വ്യാപാര കമ്മി അപകടകരമായ തലത്തിലേക്ക് ഉയർത്താനും ഇടയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |