
തിരുവനന്തപുരം: കടലിലും ആകാശത്തും കരുത്തും കൃത്യതയും വിളിച്ചോതുന്ന അഭ്യാസപ്രകടനങ്ങളുമായി നാവികസേന. ആക്രമണത്തിനും രക്ഷാദൗത്യങ്ങൾക്കും കടൽക്കൊള്ളക്കാരെ തുരത്താനുമടക്കമുള്ള ഓപ്പറേഷനുകൾ ആവിഷ്കരിച്ച് ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനമാണ് ശംഖുംമുഖം കടലിൽ കണ്ടത്. നാവികസേനാ ദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രകടനം.
മിന്നൽ വേഗത്തിൽ കരയിലും വെള്ളത്തിലും ആക്രമണം നടത്തുന്ന മിസൈൽ ബോട്ടുകൾ മുതൽ കൊച്ചിയിൽ നിർമ്മിച്ച വിമാന വാഹിനി കപ്പൽ വിക്രാന്ത് വരെ അണിനിരന്നു. രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി. നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി പറഞ്ഞു.
രാഷ്ട്രപതിക്ക് വിമാനത്താവളത്തിൽ വ്യോമസേന ഗാർഡ് ഒഫ് ഓണർ നൽകി. യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊൽക്കത്ത 20 റൗണ്ട് ഗൺസല്യൂട്ട് നൽകി. പറക്കും കപ്പൽ എന്ന് വിളിപ്പേരുള്ള എം.എച്ച്-60 ആർ ഹെലികോപ്ടറുകൾ രാഷ്ട്രപതിക്ക് വരവേല്പ് നൽകി പറന്നു. പിന്നാലെ പടക്കപ്പലുകളായ ഉദയഗിരി, കൊൽക്കത്ത, കമാൽ എന്നിവ ആകാശത്തേക്ക് വർണവിസ്മയം തീർത്തു. മൂന്ന് ചേതക് ഹെലികോപ്ടറുകൾ ദേശീയപതാകയും നാവികസേനാ പതാകയുമായി വട്ടമിട്ടുപറന്നു.
കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിനെ കമാൻഡോകൾ മോചിപ്പിക്കുന്നത് നെഞ്ചിടിപ്പോടെയാണ് ജനക്കൂട്ടം കണ്ടുനിന്നത്. 1971ലെ യുദ്ധത്തിൽ കറാച്ചി ആക്രമിച്ച കില്ലർബോട്ടുകൾ ആകാശത്തേക്ക് മിസൈലുകൾ വർഷിച്ചു. പിന്നാലെ മാർകോസ് കമാൻഡോകൾ പാരച്യൂട്ടിൽ പറന്നിറങ്ങി. സീ കിംഗ് ഹെലികോപ്ടറുകളും വട്ടമിട്ടു.
വിക്രാന്തിന് നിറഞ്ഞ കൈയടി
വിക്രാന്തിനെ നിലയ്ക്കാത്ത കൈയടികളോടെയാണ് തലസ്ഥാനം വരവേറ്റത്. വിക്രാന്തിന്റെ മുകൾ ഡക്കിൽ പോർവിമാനങ്ങൾ നിരനിരയായി അണിനിരന്നു. വലത്തേ റൺവേയിൽ നിന്ന് മിഗ്-29 കെ വിമാനം പറന്നുയർന്നു. പിന്നാലെ ഐ.എൻ.എസ് ഇംഫാലിൽ സീ-കിംഗ് ഹെലികോപ്ടർ ഇറക്കിയും സേന കരുത്തുകാട്ടി.
ആറ് ചേതക് കോപ്ടറുകളെത്തി തെരച്ചിൽ, രക്ഷാദൗത്യങ്ങൾ ആവിഷ്കരിച്ചു. നിശബ്ദമായെത്തി കരയിലെയും കടലിലെയും ശത്രുവിനെ ആക്രമിക്കുന്ന ഐ.എൻ.എസ് ഷിഷുമാർ അന്തർവാഹിനിയുമെത്തി. പായ്‌ക്കപ്പലുകൾ, ഡോണിയർ, പി8 ഐ നിരീക്ഷണവിമാനം എന്നിവയും പ്രദർശിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ സുരേഷ്‌ഗോപി, സഞ്ജയ് സേഥ്, ഗവർണർ ആർ.വി.ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |