കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ വീട് കയറിയുള്ള വോട്ട് അഭ്യർത്ഥന നാല് റൗണ്ട് വരെ പൂർത്തിയാക്കി അവസാന ലാപ്പിലേക്ക് കടക്കുന്നു. സ്ഥാനാർത്ഥികൾക്ക് പുറമേ മുന്നണികളുടെ വിദ്യാർത്ഥി, യുവജന, മഹിളാ, തൊഴിലാളി സ്ക്വാഡുകളും വോട്ട് അഭ്യർത്ഥനയുമായി വീടുകൾ കയറിയിറങ്ങുകയാണ്.
എല്ലായിടത്തും മുന്നണി സ്ഥാനാർത്ഥികളുടെ സ്വീകരണ പരിപാടികൾ പുരോഗമിക്കുകയാണ്. സ്വീകരണത്തിന്റെ ഇടവേളകൾക്കിടയിലും സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിൽ കാണുന്നുണ്ട്. നേരത്തെ വീടുകയറി അഭ്യർത്ഥിച്ചപ്പോൾ കാണാത്തവരെ നേരിൽ കാണാനുള്ള ശ്രമവും സ്ഥാനാർത്ഥികൾ നടത്തുന്നു. മുന്നണികളുടെ കുടുംബയോഗങ്ങളും കൺവെൻഷനുകളും സമാന്തരമായി നടക്കുന്നുണ്ട്. വിമത സ്ഥാനാർത്ഥികളും സ്വതന്ത്ര സ്ഥാനാർത്ഥികളും സ്വീകരണ പരിപാടികളും കൺവെൻഷനുകളും ഉപേക്ഷിച്ച് നേരിട്ട് വോട്ടർമാരെ കാണുന്നതിൽ മാത്രം ശ്രദ്ധിക്കുകയാണ്. ഭൂരിഭാഗം സ്ഥാനാർത്ഥികളും ലഭിക്കാൻ സാദ്ധ്യതയുള്ള വോട്ടുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വിജയം ഉറപ്പാക്കാൻ ചാഞ്ചാടി നിൽക്കുന്ന വോട്ടർമാരുടെ വീടുകളിൽ അൽപ്പസമയം സ്ഥാനാർത്ഥികൾ ചെലവഴിക്കുന്നുണ്ട്.
ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ
ഭൂരിഭാഗം സ്ഥാനാർത്ഥികളും ഉറക്കം കുറച്ചിട്ടുണ്ട്. പുലർച്ചെ ഉണർന്ന് പ്രവർത്തകരെയും നേതാക്കളെയും കളത്തിലേക്ക് ഒപ്പം കൂട്ടേണ്ടത് സ്ഥാനാർത്ഥികളുടെ ആവശ്യമാണ്. രാവിലെ ആറര മുതൽ വീടുകയറലാണ്. ഉച്ചയ്ക്ക് അവസാനിപ്പിക്കുന്ന പ്രചാരണം മൂന്നരയോടെ പുനരാരംഭിച്ച് രാത്രി എട്ടുവരെയെങ്കിലും നീളും. പിന്നീട് അവലോകന യോഗങ്ങളാണ്. രാത്രി 12ന് ശേഷമാണ് ഭൂരിഭാഗം സ്ഥാനാർത്ഥികളും ഉറങ്ങുന്നത്.
വിശ്രമമില്ലാതെ നേതാക്കൾ
ആറ് മാസത്തിനകം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിക്കുന്ന നേതാക്കളും തദ്ദേശ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം തങ്ങളുടെ വിജയ സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ഇവർ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ നടത്തുന്ന പ്രവർത്തനം നിയമസഭ സ്ഥാനാർത്ഥി നിർണയ വേളയിൽ പാർട്ടി പരിഗണിക്കും. നിയമസഭ തിരഞ്ഞെടുപ്പിന് വോട്ടർമാരെ നേരിൽ കാണാൻ കൂടുതൽ സമയം ലഭിക്കില്ല. അതുകൊണ്ട് പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള അവസരമായും തദ്ദേശ തിരഞ്ഞെടുപ്പിനെ നേതാക്കൾ ഉപയോഗിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |