
തൃശൂർ: വരവർണ സങ്കലനത്തിൽ വിസ്മയമൊരുക്കിയ അനന്യ.എസ്.സുഭാഷിന് ഇത് സുവർണ കലോത്സവം. പെൻസിൽ ഡ്രോയിംഗ്, ജലച്ചായം,എണ്ണച്ചായം മത്സരങ്ങളിൽ തുടർച്ചയായി നാലാം വർഷവും 'എ' ഗ്രേഡ് സ്വന്തം. കൊല്ലം വിമലഹൃദയ ഗേൾസ് എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥിനിയായ അനന്യ വരച്ച ചിത്രങ്ങൾ സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങളിലുമുണ്ട്. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കം 67 പ്രമുഖരുടെ ചിത്രങ്ങൾ 60 മിനിട്ടിനുള്ളിൽ വരച്ച് അനന്യ 'ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സി'ൽ ഇടം നേടിയിരുന്നു. ആറായിരത്തിലധികം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി. ദേശീയ- സംസ്ഥാന തലത്തിൽ 700ൽപ്പരം അംഗീകാരങ്ങളും ലഭിച്ചു. വില്ലേജ് ഓഫീസറായ കൊല്ലം അയത്തിൽ ജി.എൻ.നഗർ സുനിൽ മന്ദിരത്തിൽ എസ്.സുഭാഷിന്റെയും എസ്.ശ്രീജയുടെയും മകളാണ്. കാർപെന്റർ(പെൻസിൽ), കൃഷിയിടം(ജലച്ചായം), മഞ്ഞുകാലത്തെ മലയോരക്കാഴ്ച(എണ്ണച്ചായം) വിഷയങ്ങളിലായിരുന്നു കലോത്സവ ചിത്രമെഴുത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |