
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായിട്ടും കെ.പി.സി.സി നേതൃത്വത്തിന്റെ അയഞ്ഞ നിലപാടിൽ പാർട്ടിയിൽ അമർഷം. ആലോചിച്ച് ഉചിതമായ സമയത്ത് നടപടി സ്വീകരിക്കുമെന്ന നിലപാടാണ് ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രകടിപ്പിച്ചത്. പുറത്താക്കലല്ലാതെ നേതൃത്വത്തിന് മുന്നിൽ ബദൽ മാർഗമില്ലെന്നതാണ് വസ്തുത.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും കോടതി വാദം കേൾക്കും. അതിന്റെ വിധി കൂടി ശേഷം തീരുമാനത്തിലേക്ക് പോകാമെന്നതാണ് കെ.പി.സി.സി നേതൃത്വത്തിലെ ധാരണ.
രമേശ് ചെന്നിത്തല, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എം.സുധീരൻ തുടങ്ങിയ നേതാക്കൾ കടുത്ത നിലപാട് കെ.പി.സി.സി അദ്ധ്യക്ഷനെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായും പല നേതാക്കളും സംസാരിച്ചു.യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും പ്രധാന നേതാക്കളുമായി ആശയ വിനിമയം നടത്തി.
വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദുകൃഷ്ണ, ജെബി മേത്തർ, ദീപ്തിമേരി വർഗീസ് തുടങ്ങിയവരും രാഹുലിനെതിരെ പരസ്യ നിലപാട് പ്രകടിപ്പിച്ചിട്ടുണ്ട്.
കടുത്ത നടപടിക്ക് ഇത്രയും സമ്മർദ്ദമുണ്ടായിട്ടും തീരുമാനമെടുക്കാൻ കെ.പി.സി.സി നേതൃത്വം വിമുഖത കാട്ടുന്നതിന് പിന്നിൽ യുവ നേതാക്കളുടെ കടുംപിടിത്തമാണെന്ന് അറിയുന്നു.കെ.പി.സി.സി അദ്ധ്യക്ഷന് ഇ മെയിലിൽ ലഭിച്ച പരാതിയിൽ പരാതിക്കാരിയുടെ പേരുൾപ്പെടെ ഒരു വിശദാംശവുമില്ല. പരാതി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്മേൽ പ്രാഥമികാന്വേഷണം പോലും നടക്കാതെ എടുത്തുചാടി നടപടി എടുക്കുന്നതിലെ അന്യായമാണത്രെ അവർ ചൂണ്ടിക്കാട്ടുന്നത്
ഹൈക്കമാൻഡിന്റെ പച്ചക്കൊടി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുക്തമായ തീരുമാനമെടുക്കാൻ കെ.പി.സി.സി നേതൃത്വത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയതായി സൂചന. രാഹുലിനെതിരെ എ.ഐ.സി.സി നേതൃത്വത്തിന് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് സംഘടനാ തലത്തിൽ അന്വേഷിക്കുകയും ചെയ്തിരുന്നു.
മുൻകൂർ ജാമ്യ വിധി കോൺഗ്രസിനും നിർണായകം
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി തീരുമാനം കെ.പി.സി.സി നേതൃത്വത്തിനും പ്രതിസന്ധിയുണ്ടാക്കും. ജാമ്യം നിഷേധിക്കപ്പെട്ടാൽ രാഹുലിനെ പുറത്താക്കി തടിയൂരുകയല്ലാതെ മറ്റ് വഴിയില്ല. ജാമ്യം അനുവദിച്ചാൽ ഇപ്പോഴും രാഹുലിനെ പിന്തുണയ്ക്കുന്നവിഭാഗത്തിന്റെ പക്ഷം കൂടി പരിഗണിക്കേണ്ടി വരും.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഇതിലാണ് രാഹുൽ മുൻകൂർ ജാമ്യം തേടിയത്. എന്നാൽ പേരും വിലാസവുമില്ലാതെ കഴിഞ്ഞ ദിവസം കെ.പി.സി.സി അദ്ധ്യക്ഷന് കിട്ടിയ ഇ മെയിൽ പരാതിയുടെ സാധുത എത്രത്തോളമെന്ന് വ്യക്തമാവാത്ത സ്ഥിതിക്ക്, അതിന്റെ പേരിൽ നടപടി വേണ്ടെന്നതാണ് രാഹുൽ അനുകൂലികളുടെ നിലപാട്. പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും നിലവിൽ സസ്പെൻഡ് ചെയ്തിട്ടുള്ള ആളെ വീണ്ടും ഒരു നടപടിക്ക് വിധേയനാക്കണമെങ്കിൽ കുറ്റകൃത്യം തെളിയിക്കപ്പെടണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
മുഖം രക്ഷിക്കാൻ പാർട്ടി കൈക്കൊണ്ട നടപടി അംഗീകരിച്ച് നിശബ്ദനായി നിന്നിരുന്നെങ്കിൽ ഇപ്പോഴത്തെ സാഹചര്യം തത്കാലം വരില്ലായിരുന്നുവെന്ന വാദമാണ് രാഹുൽ വിരുദ്ധർ ഉന്നയിക്കുന്നത്. മുകേഷ് എം.എൽ.എയ്ക്കെതിരെ സി.പി.എം എന്തു നടപടി എടുത്തു എന്നൊക്കെയുള്ള ചോദ്യങ്ങൾ കൊണ്ട് രാഷ്ട്രീയ എതിരാളികളെ പ്രതിരോധിക്കുന്നത് തിരഞ്ഞെടുപ്പിൽ എത്രത്തോളം ഗുണകരമാവുമെന്ന സംശയവുമുണ്ട്.
മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ നടപടിയെടുക്കും: സണ്ണി ജോസഫ്
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയിലെ കാര്യങ്ങൾ അറിഞ്ഞിട്ട് തീരുമാനിക്കും. പുറത്താക്കലടക്കമുള്ള നടപടി ഒറ്റയ്ക്കെടുക്കാനാവില്ല. കോൺഗ്രസിന് സ്വന്തമായി കോടതിയും പൊലീസുമില്ല. അതിജീവിതയുടെ പരാതി ഇ-മെയിലിലൂടെ ചൊവ്വാഴ്ചയാണ് കിട്ടിയത്. അത് ഡി.ജി.പിക്ക് കൈമാറി. കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും ലഭിച്ച പരാതിയിൽ നിയമനടപടി ആരംഭിച്ചതിനാൽ മറ്റൊന്നും ചെയ്യാനില്ല. മാദ്ധ്യമങ്ങളിൽ വാർത്ത വന്നപ്പോൾത്തന്നെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ പദവിയിൽ നിന്ന് രാഹുലിനെ മാറ്റി. പാർട്ടിയിൽ നിന്ന് സസ്പെൻഡും ചെയ്തു. ആരോപണ വിധേയനായിരിക്കെ രാഹുൽ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തിട്ടില്ല. എം.എൽ.എ സ്ഥാനം രാജിവയ്ക്കേണ്ടത് വ്യക്തിപരമായ തീരുമാനമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |