
കൊല്ലം: ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ.വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് ജഡ്ജി സി.എസ്.മോഹിത് തള്ളി. പ്രായവും ആരോഗ്യ പ്രശ്നങ്ങളും പരിഗണിക്കണമെന്ന് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തിന് മുറിവേൽപ്പിച്ച സംഭവമായതിനാൽ പ്രായവും ആരോഗ്യപ്രശ്നവും പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്നതിനാൽ ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അഭിഭാഷകനും 20 വർഷത്തോളം വിജിലൻസ് ട്രൈബ്യൂണൽ ജഡ്ജിയുമായിരുന്ന വാസുവിന് ഇങ്ങനെയൊരു പിഴവ് ഉണ്ടാകാൻ പാടില്ലായിരുന്നു. പിഴവ് വരുത്തിയത് ബോധപൂർവമാണോയെന്ന് പരിശോധിക്കണം.
മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് 2019ൽ സ്വർണപ്പാളി കൈമാറാനുള്ള ദേവസ്വം ബോർഡ് യോഗത്തിന്റെ അജണ്ടയിൽ ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ അറിവോടെയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി കൈമാറുമ്പോൾ എൻ.വാസു സ്ഥാനത്ത് ഉണ്ടായിരുന്നില്ലെന്നും വിരമിച്ചെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിജിലൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ എൻ.വാസു ഇന്ന് ഹൈക്കോടതിയിൽ ജാമ്യഹർജി ഫയൽ ചെയ്യും.
പത്മകുമാറിനെ ഇന്ന് ഹാജരാക്കും
റിമാൻഡ് നീട്ടാനായി എട്ടാം പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ അഞ്ചാം പ്രതിയും ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിൽ മൂന്നാം പ്രതിയുമായ സുധീഷ് കുമാറിന്റെ ജാമ്യഹർജി ഇന്നലെ പരിഗണിക്കാനിരുന്നതാണെങ്കിലും എസ്.ഐ.ടിയുടെ റിപ്പോർട്ട് തേടി എട്ടിലേക്ക് മാറ്റി. എൻ.വാസു ബോർഡ് പ്രസിഡന്റായി ചുമതലയേറ്റപ്പോൾ സുധീഷ് കുമാർ പേഴ്സണൽ അസിസ്റ്റന്റായിരുന്നു.
ശബരിമല കേസിൽ തടസ്സം നേരിട്ടാൽ ഉടൻ അറിയിക്കണം:ഹൈക്കോടതി
അയ്യപ്പ സന്നിധിയിലെ പവിത്രമായ വസ്തുക്കൾ സംരക്ഷിക്കേണ്ട ബാദ്ധ്യത ഹൈക്കോടതിക്കുണ്ടെന്ന്വ്യക്തമാക്കിയ ദേവസ്വം ബെഞ്ച് ഒരു ഘടകം പോലും പരിശോധിക്കപ്പെടാതെ പോകരുതെന്ന് സ്പെഷ്യൽ അന്വേഷണ സംഘത്തിന് നിർദേശം നൽകി. ഏതെങ്കിലും വസ്തുത കണ്ടെത്തുന്നതിൽ തടസം നേരിട്ടാൽ കോടതിയിൽ ഉടൻ റിപ്പോർട്ട് നൽകണം. സ്വർണക്കൊള്ള സംബന്ധിച്ച അന്വേഷണം തൃപ്തികരമാണെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വിലയിരുത്തി.
പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി ഇന്നലെ കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് കോടതി വിലയിരുത്തി. കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് വിശദാംശങ്ങൾ പുറത്തു വിടുന്നില്ലെന്നും വ്യക്തമാക്കി. 2014 മുതൽ 2025 വരെ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകൾ അന്വേഷിക്കേണ്ടതുണ്ടെന്നും സമയം നീട്ടി നൽകണമെന്നും കോടതിയിൽ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി എസ്. ശശിധരൻ അപേക്ഷിച്ചു. ശാസ്ത്രീയ പരിശോധനകൾക്കായി ദ്വാരപാലക ശില്പങ്ങളിൽ നിന്നടക്കം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലം ഒരാഴ്ചയ്ക്കകം പ്രതീക്ഷിക്കുന്നതായും ചൂണ്ടിക്കാട്ടി. കേസിന്റെ വ്യാപ്തിയും സങ്കീർണതയും കണ്ണികൾ കൂട്ടിയിണക്കേണ്ടതിന്റെ പ്രാധാന്യവും കണക്കിലെടുത്ത് കോടതി സമയം നീട്ടി നൽകുകയായിരുന്നു.
അന്വേഷണത്തിൽ അതീവജാഗ്രതയും സൂക്ഷ്മതയും തുടരണമെന്ന് കോടതി എസ്.ഐ.ടിക്ക് നിർദ്ദേശം നൽകി. വിഷയം ജനുവരി 5ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |