ന്യൂഡൽഹി: പ്രധാനമന്ത്രിയ്ക്ക് തുറന്ന കത്തെഴുതിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവർത്തകർ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. 50 സംസ്‌കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തതിൽ അപലപിച്ചാണ് 185 കലാ സാംസ്‌കാരിക പ്രവർത്തകർ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്. നടൻ നസുറുദീൻ ഷാ, സിനിമാട്ടോഗ്രാഫർ ആനന്ദ് പ്രധാൻ, ചരിത്രകാരി റോമില താപ്പർ, ആക്ടിവിസ്റ്റ് ഹർഷ് മന്ദർ, എഴുത്തുകാരായ അശോക് വാജ്‌പേയ്, ജെറി പിന്റോ, ഷംസുൾ ഇസ്ലാം, വിദ്യാഭ്യാസ വിദഗ്ദൻ ഐറ ബാസ്‌കർ, കവി ജീത് തയ്യൽ, സംഗീതജ്ഞൻ ടി.എം. കൃഷ്ണ, സിനിമ സംവിധായകൻ സെബാ ദെവാൻ തുടങ്ങി 185 സാംസ്‌കാരിക പ്രവർത്തകരാണ് മോദിക്ക് തുറന്ന കത്തെഴുതിയിരിക്കുന്നത്.
'പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതെങ്ങനെ രാജ്യദ്രോഹമാകും. രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്ക് എതിരെ ശബ്ദമുയർത്തിയ 49 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിലെ ഉത്തരവാദിത്യമുള്ള പ്രതിഭകൾ എന്ന നിലയിൽ അതിക്രമങ്ങൾ ചോദ്യം ചെയ്യേണ്ടത് പ്രവർത്തകരുടെ കടമയാണ്. വിയോജിപ്പുകളില്ലെങ്കിൽ ജനാധിപത്യമില്ല. അധികാരത്തിലിരിക്കുന്ന ഒരു പാർട്ടിയും രാജ്യമെന്നതിന് സമാനപദമാവുകയുമില്ല. മറിച്ച് അത് ആ രാജ്യത്തെ നിരവധി രാഷ്ട്രീയ പാർട്ടികളിൽ ഒന്നു മാത്രമേ ആവുകയുള്ളൂ. അതിനാൽ തന്നെ ഭരിക്കുന്ന സർക്കാരിനെതിരെയുള്ള വിമർശനങ്ങളെ ദേശവിരുദ്ധ വികാരങ്ങളുമായി കൂട്ടിയിണക്കാവുന്നതല്ല'- കത്തിൽ പറയുന്നു.
പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിലാണ് അടൂർ ഗോപാലകൃഷ്ണൻ മണിരത്‌നം, അപർണാസെൻ, ശ്യാം ബെനഗൽ, രാമചന്ദ്ര ഗുഹ, അനുരാഗ് കശ്യപ് തുടങ്ങി 49 പേർക്കെതിരെ അഭിഭാഷകനും ഹിന്ദു മഹാസഭാ നേതാവുമായ സുധീർകുമാർ ഓജയുടെ പരാതിയിൽ ബീഹാർ പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |