
ന്യൂഡൽഹി: ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയിൽ കൂടിക്കാഴ്‌ച നടത്താൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി. ലോക നേതാക്കൾ എത്തുമ്പോൾ പ്രതിപക്ഷ നേതാവുമായുള്ള കൂടിക്കാഴ്‌ച പതിവുള്ളതാണ്. അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരുന്നപ്പോൾ പ്രതിപക്ഷ നേതാവിന് അവസരം നൽകിയെന്നും രാഹുൽ പറഞ്ഞു. സന്ദർശനത്തിനെത്തുന്ന ലോക നേതാക്കളോട് പ്രതിപക്ഷ നേതാവിനെ കാണേണ്ടതില്ലെന്ന് പറഞ്ഞ് സർക്കാർ പിന്തിരിപ്പിക്കുകയാണ്. അവരുമായി ബന്ധപ്പെടുമ്പോൾ കാണരുതെന്ന് സർക്കാർ നിർദ്ദേശമുണ്ടെന്ന് പറയും. താൻ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുമ്പോഴും ഇതേ അനുഭവമുണ്ട്. അവിടുത്തെ നേതാക്കളെയും സർക്കാർ ഇടപെട്ട് പിന്തിരിപ്പിക്കുന്നു. പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രാലയവും തുടരുന്ന നിലപാടാണിതെന്നും രാഹുൽ വ്യക്തമാക്കി.
രാഹുലിന്റെ ആരോപണത്തെ പിന്തുണച്ച ശശി തരൂർ എം.പി ഇക്കാര്യത്തിൽ സർക്കാർ ഉത്തരം നൽകണമെന്ന് പറഞ്ഞു. ജനാധിപത്യത്തിൽ എല്ലാ കക്ഷികളെയും കാണാൻ ഇന്ത്യ സന്ദർശിക്കുന്ന നേതാക്കൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടി. സർക്കാർ നടപടി വിചിത്രമാണെന്നും പ്രോട്ടോക്കോൾ പാലിക്കണമെന്നും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു, സർക്കാർ എന്തിനെയാണ് ഭയപ്പെടുന്നതെന്നും അവർ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |