
ഭോപ്പാൽ: കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിന്റെ ചെറുമകൻ ദേവേന്ദ്ര ഗെലോട്ടിനെതിരെ സ്ത്രീധന പീഡനത്തിനും കൊലപാതക ശ്രമത്തിനുമുൾപ്പെടെ കേസെടുത്തു. സ്ത്രീധന,ഗാർഹിക പീഡനം, കൊലപാതക ശ്രമം, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി ആരോപണങ്ങളുന്നയിച്ച് ഭാര്യ ദിവ്യ ഗെലോട്ടാണ് പരാതി നൽകിയത്. ഭർത്താവും ഭർതൃവീട്ടുകാരും ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനം നടത്തുന്നതായി ആരോപിച്ച് മദ്ധ്യപ്രദേശിലെ രത്‌ലാം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. നാല് വയസുള്ള മകളെ ഭർതൃവീട്ടുകാർ ബലമായി പിടിച്ചുവച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
ദേവേന്ദ്ര ഗെലോട്ട്, മുൻ എം.എൽ.എയായ ഭർതൃപിതാവ് ജിതേന്ദ്ര ഗെലോട്ട്, ഭർതൃ മാതാവ് അനിത ഗെലോട്ട്, സഹോദരീ ഭർത്താവ് വിശാൽ ഗെലോട്ട് എന്നിവർ 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് വ ർഷങ്ങളായി തന്നെ ഉപദ്രവിക്കുന്നു. മദ്യപാനം, ലഹരി ഉപയോഗം, അവിഹിത ബന്ധം എന്നിവ ദേവേന്ദ്ര ഗെലോട്ടിനുണ്ട്. 2021ൽ ഗർഭിണിയായിരുന്നപ്പോൾ പീഡനം രൂക്ഷമായി. തനിക്ക് പലപ്പോഴും ഭക്ഷണം നിഷേധിച്ചു. മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. മകൾ ജനിച്ചതിനുശേഷവും പീഡനം തുടർന്നു. 2019ൽ ഒത്തുതീർപ്പ് ശ്രമം നടന്നെങ്കിലും പ്രശ്നം വഷളായി. ഒരു ദിവസം രാത്രി ദേവേന്ദ്ര തന്നെ തള്ളിയിടുകയും നട്ടെല്ലിനും തോളിനും അരയ്ക്കും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. രാത്രി മുഴുവൻ വൈദ്യസഹായം ലഭിക്കാതെ കഴിയേണ്ടി വന്നുവെന്നും ദിവ്യയുടെ പരാതിയിൽ പറയുന്നു.
മാതാപിതാക്കളിൽ നിന്ന് പണം വാങ്ങി കൊണ്ടുവന്നില്ലെങ്കിൽ മകളെ കാണാൻ കഴിയില്ലെന്നാണ് ദേവേന്ദ്ര ഇപ്പോൾ പറയുന്നതെന്നും ദിവ്യ ആരോപിക്കുന്നു. അതേസമയം, ആർക്കും ആരോപണങ്ങൾ ഉന്നയിക്കാമെന്നും എല്ലാ വസ്തുതകളും മാദ്ധ്യമങ്ങളോട് പറയുമെന്നുമാണ് ദേവേന്ദ്ര ഗെലോട്ടിന്റെ മറുപടി. 2018ലായിരുന്നു ഇരുവരുടെയും വിവാഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |