'ഫെമിനിസം' എന്നത് ഒരു മോശമോ, വൃത്തികെട്ടതോ, പറയാൻ പാടില്ലാത്തതോ ആയ ഒരു വാക്കല്ലെന്നു മനസിലാക്കാൻ ആവശ്യമുള്ള ബുദ്ധിവികാസം ഇനിയും നമ്മൾ നേടിയിട്ടില്ലെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. ഫെമിനിസം എന്നതുകൊണ്ട് സ്ത്രീപക്ഷ വാദമോ, 'പെണ്ണിന്റെ താന്തോന്നിത്തരമോ' അല്ല ഉദ്ദേശിക്കുന്നതെന്നും അത് സ്ത്രീ-പുരുഷ തുല്യതയ്ക്കായാണ് വാദിക്കുന്നതെന്നും ഇന്നും ആൾക്കാർക്ക് വലിയ പിടിയില്ല. എന്നാൽ യൂറോപ്പിൽ ഉദയം ചെയ്ത ഈ ചിന്താപദ്ധതി മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. സ്ത്രീയെ വിശുദ്ധവത്കരിക്കേണ്ട ആവശ്യമില്ലെന്നും, അവളെ ദേവിയായോ, അബലയായോ കാണേണ്ടതില്ലെന്നും ഫെമിനിസ്റ്റുകൾ പറഞ്ഞുവയ്ക്കുന്നു. എന്നാൽ ഇക്കാര്യം ഇടയ്ക്കിടക്ക് എടുത്തുപറയുന്ന, സ്ത്രീയുടെ മേൽ കുതിര കയറിയാലോ അവളെ തെറി പറഞ്ഞാലോ ആരും ചോദിക്കാൻ വരില്ലെന്ന് ഉള്ളാലെയെങ്കിലും കരുതുന്ന, സോഷ്യൽ മീഡിയ കമന്റ് ബോക്സുകളിലൂടെ 'ആണത്തം' വിളമ്പുന്ന മലയാളി പുരുഷൻ ഏതാനും നാളുകളായി തന്റെ അഭിപ്രായത്തിന് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ അതിന് പിന്നിൽ ഉള്ളത് നല്ല ഉദ്ദേശങ്ങളല്ല.
കൂടത്തായിയിലെ പരമ്പരക്കൊലയാളി ജോളിയുടെ ക്രൂരകൃത്യങ്ങൾ പുറംലോകം അറിഞ്ഞതോടെയാണ് ഈ അഭിപ്രായമാറ്റം. സ്ത്രീയ്ക്ക് അതിക്രൂരയാകാൻ യാതൊരു മടിയുമില്ലെന്നും, അവൾ എന്തിനും മടിക്കാത്ത രാക്ഷസിയാണെന്നുമാണ് ഒരു കൂട്ടം പുരുഷന്മാർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. പീഡനങ്ങളിൽ പോലും പെണ്ണിൽ മാത്രം കുറ്റം കാണുന്ന, പെണ്ണിന്റെ എടുത്തുചാട്ടമെന്ന് ആരോപിക്കുന്ന, അവളുടെ വസ്ത്രത്തെ പ്രതികൂട്ടിലാക്കുന്ന ഇവരുടെ ഈ അഭിപ്രായത്തിന് പിന്നിൽ നല്ല ഉദ്ദേശമല്ല ഉള്ളതെങ്കിലും, തുല്യത ആഗ്രഹിക്കണ ഒരു ന്യൂനപക്ഷത്തിന്റെ ഒരു വാദത്തെ, അറിയാതെ അംഗീകരിക്കുകയാണ് ഇവർ. അതായത് പുരുഷനെ പോലെ തന്നെയാണ് സ്ത്രീകളും പ്രവർത്തിക്കുക എന്നും അവൾ അബലയോ, നിഷ്കളങ്കയോ, വിശുദ്ധയോ അല്ല എന്നത്.
ചുരുക്കത്തിൽ സ്ത്രീക്ക് വേണ്ടി തയാറാക്കി വയ്ക്കുന്ന 'വിശുദ്ധ' വാർപ്പുമാതൃകകൾ അറിയാതെയെങ്കിലും ഇത്തരക്കാർ പൊളിച്ചു. എന്നാൽ മറ്റൊരു കാര്യം കൂടി ഇതിനോടൊപ്പം പ്രചരിക്കപ്പെടുന്നുണ്ട്. 'ഭാര്യ തരുന്ന ചായ പോലും പേടിയോടെയാണ് കുടിക്കുന്നത് എന്നും മറ്റുമുള്ള വാട്സ്ആപ്പ് 'തമാശകൾ' അക്ഷരാർത്ഥത്തിൽ സ്ത്രീകളെ മൊത്തത്തിൽ പരിഹസിക്കുന്നതാണ്. മാത്രമല്ല, സ്ത്രീകൾ, ഭാര്യമാർ തങ്ങൾക്ക് ചായയും ഭക്ഷണവും തരേണ്ടവരാണെന്നുള്ള തനി പിന്തിരിപ്പൻ ആശയവും ഈ തമാശകൾ പ്രചരിപ്പിക്കുന്നവർ ഒളിച്ച് കടത്തുന്നുണ്ട്. പുരുഷന്മാർ മാത്രമല്ല, പുരുഷമേധാവിത്ത മനസ്ഥിതിയെ ഒരു അനുഗ്രഹമായി കാണുന്ന സ്ത്രീകളും ഈ തമാശകൾ ഫോർവേഡ് ചെയ്യുന്നവരുടെ കൂട്ടത്തിലുണ്ട്. എന്നാൽ ഫെമിനിസ്റ്റ് ആശയങ്ങൾ പിന്തുടരുന്നവർ ഈ 'തമാശകളെ' അതീവ രസകരമായാണ് ചെറുക്കുന്നത്. 'ഭാര്യ തരുന്ന ചായ കുടിക്കേണ്ട, സ്വയം ഉണ്ടാക്കി കഴിച്ചാൽ മതി' എന്നാണ് ഈ 'നിർദോഷ' തമാശകളെ കടപുഴക്കുന്ന ഇവരുടെ 'കൗണ്ടർ'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |