
കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ വ്യക്തത വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ പാടില്ലെന്നും ,ആരായാലും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും അദ്ദേഹം കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദ ലീഡേഴ്സ്' പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.
ഉത്തരവാദികളെ ഒരിക്കലും പാർട്ടി സംരക്ഷിക്കില്ല. മുഖം രക്ഷിക്കേണ്ട ആവശ്യം സി.പി.എമ്മിനില്ല. കേരളത്തിലെ ക്ഷേത്രങ്ങളിലെ ഏറ്റവും വലിയ സ്വർണക്കൊള്ള നടന്നത് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെയാണ്. ഗുരുവായൂരിൽ തിരുവാഭരണം നഷ്ടപ്പെട്ടത് ഇതുവരെയും അന്വേഷിച്ച് കണ്ടെത്തിയിട്ടില്ല. ഒരു തരി പോലും തിരിച്ചുകിട്ടിയില്ല. എന്നാൽ, ശബരിമല കേസിലെ പ്രതി ഒളിവിലല്ല, ജയിലിലാണ്.ശിക്ഷിക്കപ്പെട്ടവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെറ്റില്ല. അവരും പാർട്ടിയുടെ മുഖമാണെന്ന്, പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടയാളുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസിൽനിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് ഗത്യന്തരമില്ലാതെയാണ്. രാഹുൽ മാങ്കൂട്ടം കോൺഗ്രസിന്റെ ഐശ്വര്യമാണ്. രാഹുലിനെയും മുകേഷ് എം.എൽ.എയേയും താരതമ്യം ചെയ്യേണ്ട കാര്യമില്ല. ശിക്ഷിക്കട്ടെ, അപ്പോൾ മുകേഷിന്റെ കാര്യം തീരുമാനിക്കാം.കോൺഗ്രസിന്റെ പിന്തുണയോടെ രാഹുലിനെ ഒളിപ്പിച്ചാലും ഉടൻ പിടിക്കും. എൽ.ഡി.എഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ സാധിക്കാതെ, സ്വയം പ്രതിക്കൂട്ടിലാകുന്ന അവസ്ഥയാണ് പ്രതിപക്ഷത്തിന്റേതെന്നും ഗോവിന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |