
കൊല്ലം: 'ഒരു ശബ്ദം കേട്ടാണ് ഞാനും കൂട്ടുകാരും പുറത്തേക്ക് നോക്കിയത്. റോഡ് പൊട്ടി വരുന്നതാ കണ്ടത്. പെട്ടെന്ന് ഡ്രൈവർ മാമൻ ഓട്ടോറിക്ഷ ഓടിച്ചു മാറ്റി...' കൊല്ലത്ത് ദേശീയ പാത ഇടിഞ്ഞുള്ള അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെക്കുറിച്ച് പറയുമ്പോൾ യാസിറ ഫാത്തിമ എന്ന നാലാംക്ലാസുകാരിക്ക് ഞെട്ടൽ വിട്ടുമാറിയിരുന്നില്ല.
മൈലക്കാട് ആറാട്ട് സ്കൂൾ വിദ്യാർത്ഥിയായ യാസിറയും മറ്റ് ആറ് വിദ്യാർത്ഥികളും ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് വരുമ്പോഴായിരുന്നു കൊട്ടിയം മൈലക്കാട് ദേശീയപാതയിൽ മണ്ണിടിഞ്ഞത്. സംഭവ സ്ഥലത്തിന് അല്പം മാറിയാണ് യാസിറയുടെ വീട്. വീട്ടിൽ എത്തിയ ഉടൻ വീട്ടുകാരോടും അയൽക്കാരോടും കാര്യം പറഞ്ഞു. പിന്നീട് വീട്ടുകാർക്കൊപ്പം അപകട സ്ഥലത്തെത്തിയപ്പോഴും യാസിറയുടെ വിറയൽ മാറിയിരുന്നില്ല. അപകടത്തിൽ മകളടക്കം എല്ലാവരും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യാസിറയുടെ അമ്മ സഫറുനിസ. 'ആരുടെയും ജീവന് ആപത്ത് പറ്റിയില്ലെന്നതാണ് ആശ്വാസം'- അവർ പറഞ്ഞു.
''ചെറിയ മക്കളടക്കം പോയ സ്കൂൾ ബസാണ് ആ കിടക്കുന്നത്. പെട്ടെന്ന് കുഞ്ഞുങ്ങളെ മാറ്റി. ഇല്ലായിരുന്നെങ്കിൽ...'- സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സുഷമ്മയുടെ ശബ്ദത്തിൽ ഭയവും ആശങ്കയും നിഴലിച്ചു. ആളുകൾ വെപ്രാളത്തിൽ ഓടുന്നത് കണ്ടാണ് സുഷമ്മ സ്ഥലത്തെത്തിയത്. ഈ സമയം കുട്ടികളെ ബസിൽ നിന്ന് മാറ്റുന്നതാണ് കണ്ടത്. ഇനി എന്ത് വിശ്വാസത്തിൽ യാത്ര ചെയ്യുമെന്നാണ് സുഷമ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ ആശങ്ക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |