
കൊച്ചി: ഓട്ടോഡ്രൈവറുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ ഓട്ടോയിൽ ഇരുചക്രവാഹനങ്ങൾ കടത്തിക്കൊണ്ടുപോയി മോഷണം നടത്തുന്നസംഘം അറസ്റ്റിൽ. അരൂക്കുറ്റി ഫാത്തിമ മൻസിലിൽ ജെഫീൽ മുഹമ്മദ് (30), കൊല്ലം ഇരവിപുരം വാളത്തുംഗൽ വാവഴികത്ത് വീട്ടിൽ കെ. വിജയകുമാർ (38), ഫോർട്ടുകൊച്ചി എറവേലി കോളനി പുത്തൻപുരയ്ക്കൽ പി.എ. റെനീഷ് (36) എന്നിവരെയാണ് എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
അടുത്തിടെ നഗരപരിധിയിൽനിന്ന് നിരവധി സ്കൂട്ടറുകളും ബൈക്കുകളും മോഷണം പോയിരുന്നു. കഴിഞ്ഞ 25ന് ജില്ലാ കോടതി സമുച്ചയത്തിന് സമീപം പാർക്കുചെയ്തിരുന്ന സ്കൂട്ടർ കടത്തിയ കേസിന്റെ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പ്രത്യേക അന്വേഷണസംഘം വിവിധ ഭാഗങ്ങളിലുള്ള സി.സി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഓട്ടോയിൽ സ്കൂട്ടറുകൾ കടത്തുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഓട്ടോയിലുണ്ടായിരുന്ന മൂവർ സംഘത്തെ തിരിച്ചറിഞ്ഞ് നടത്തിയ നീക്കങ്ങളിൽ എറണാകുളം ബോട്ടുജെട്ടി ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മോഷ്ടിക്കുന്ന ഇരുചക്ര വാഹനങ്ങൾ പൊളിച്ചുമാറ്റി അരൂക്കുറ്റിയിലെ ആക്രി സ്ഥാപനങ്ങളിൽ വിൽക്കുന്നതാണ് പതിവ്. എറണാകുളത്ത് ഓട്ടോ ഡ്രൈവറായ ജെഫീലിന്റെ ഓട്ടോയിലാണ് സ്കൂട്ടറുകൾ കടത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി സ്കൂട്ടറുകൾ സംഘം കടത്തിയിട്ടുണ്ട്.
മുഖ്യപ്രതി ജെഫീൽ മയക്കുമരുന്ന് കേസുകളിലും വിജയകുമാർ വധശ്രമക്കേസിലും പ്രതിയാണ്. ഇരുവരും ജാമ്യത്തിലാണ്.
എസ്.ഐമാരായ അനൂപ് സി. ചാക്കോ, മുഹമ്മദ് മുബാറക്ക്, പൊലീസ് ഉദ്യോഗസ്ഥരായ ഉണ്ണിക്കൃഷ്ണൻ, ഹരീഷ്ബാബു, പ്രശാന്ത് എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |