
ന്യൂഡൽഹി: ക്ഷേത്രത്തിലെ പണം ദൈവത്തിനുള്ളതാണെന്നും സഹകരണ ബാങ്കുകളുടെ നിലനിൽപ്പിനും അഭിവൃദ്ധിക്കും ഉപയോഗിക്കാനുള്ളതല്ലെന്നും സുപ്രീംകോടതി.
ക്ഷേത്രത്തിലെത്തുന്ന പണം സഹകരണ ബാങ്കിന്റെ അതിജീവനത്തിനുള്ള ഉപാധിയാകാനു്ള്ളതല്ല. ക്ഷേത്ര പണം ഉപയോഗിച്ച് സഹകരണ ബാങ്കിനെ രക്ഷിക്കാനാണോ ശ്രമമെന്നും കോടതി ചോദിച്ചു.
തിരുനെല്ലി ദേവസ്വത്തിന്റെ സ്ഥിര നിക്ഷേപങ്ങൾ രണ്ടുമാസത്തിനകം തിരികെ നൽകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്‌ത് മാനന്തവാടി സഹകരണ അർബൻ സൊസൈറ്റി, തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് എന്നിവ സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രധാന നിരീക്ഷണം. പ്രതിസന്ധിയിലൂടെ പോകുന്ന സഹകരണ ബാങ്കിൽ സൂക്ഷിക്കുന്നതിനു പകരം, പരമാവധി പലിശ ലഭിക്കുന്ന മികച്ച ദേശസാൽകൃത ബാങ്കിലേക്ക് ക്ഷേത്ര പണം മാറ്റുന്നുവെങ്കിൽ എന്താണ് തെറ്റെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഹൈക്കോടതി നിർദ്ദേശം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സഹകരണ ബാങ്കുകൾ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ജനങ്ങൾക്കിടയിൽ വിശ്വാസ്യത സ്ഥാപിക്കൂ. ഉപഭോക്താക്കളെയും നിക്ഷേപവും ആകർഷിക്കാൻ കഴിയുന്നില്ലെങ്കിൽ അതു സഹകരണ ബാങ്കുകളുടെ പ്രശ്‌നമാണെന്നും കോടതി കൂട്ടിച്ചേർത്തു. ഡെപ്പോസിറ്റ് കൈമാറുന്നതിൽ സമയം നീട്ടിക്കിട്ടാൻ ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാം.
കോടികളുടെ നിക്ഷേപം
തിരിച്ചു നൽകിയില്ല
# സുപ്രീംകോടതി നിലപാട് തിരുനെല്ലി ദേവസ്വത്തിന് ആശ്വാസമായി. ഫിക്‌സഡ് ഡെപ്പോസിറ്റുകൾ തിരികെ ലഭിക്കണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.
# മാനന്തവാടി സഹ. അർബൻ സൊസൈറ്റി, തിരുനെല്ലി സർവീസ് സഹ. ബാങ്ക്, സുശീല ഗോപാലൻ സ്‌മാരക വനിത സഹ. സൊസൈറ്റി, മാനന്തവാടി സഹ. റൂറൽ സൊസൈറ്റി എന്നിവിടങ്ങളിലെ ഡെപ്പോസിറ്രുകൾ ക്ലോസ് ചെയ്‌ത് രണ്ടുമാസത്തിനകം തുക തിരികെ കൊടുക്കാനാണ് കഴിഞ്ഞ ആഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടത്.
# തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രത്തിന്റെ 1.73 കോടി രൂപയുടെ സ്ഥിര നിക്ഷേപമാണ് മാനന്തവാടി അർബൻ സൊസൈറ്റിയിലുള്ളത്. തിരുനെല്ലി സർവീസ് സഹകരണ ബാങ്കിൽ 8.5 കോടിയുടെ സ്ഥിര നിക്ഷേപവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |