
കൊല്ലം/ന്യൂഡൽഹി: കൊട്ടിയത്തിനടുത്ത് ദേശീയപാത 66 നിർമ്മാണത്തിനിടെ തകർന്ന സംഭവത്തിൽ കരാർ കമ്പനികൾക്ക് ഒരു മാസത്തെ വിലക്ക്. കേന്ദ്ര ഉപരിതല ഗതാഗത- ദേശീയപാതമന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. ടെൻഡറുകളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്.
കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. 15 ദിവസത്തിനകം മറുപടി നൽകണം. വിദഗ്ദ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർക്കെതിരെയടക്കം നടപടി വന്നേക്കും. വകുപ്പുമന്ത്രി നിതിൻ ഗഡ്കരി വിഷയം വിലയിരുത്തി.
ഡൽഹി ആസ്ഥാനമായ കരാർക്കമ്പനി ശിവാലയ കൺസ്ട്രക്ഷൻസ്, നിർമ്മാണം നടത്തുന്ന സബ്സിഡിയറി സ്ഥാപനമായ കൊല്ലം ഹൈവേസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണം വിലയിരുത്തുന്ന കൺസൾട്ടൻസി കമ്പനികളായ ഫീഡ് ബാക്ക് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ്, സത്ര സർവീസസ് ആൻഡ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്കാണ് വിലക്ക്. കമ്പനിയുടെ പ്രോജക്‌ട് മാനേജരെ പ്രദേശത്തെ ചുമതലയിൽ നിന്ന് മാറ്റി.
എൻ.എച്ച്.എ.ഐ നിയോഗിച്ച വിദദ്ധ സമിതിയിലെ അംഗങ്ങളായ മുംബയ് ഐ.ഐ.ടിയിലെ ഡോ. ജിമ്മി, പാലക്കാട് ഐ.ഐ.ടിയിലെ ഡോ. സുധീഷ് എന്നിവർ സ്ഥലം സന്ദർശിച്ച് പ്രാഥമിക റിപ്പോർട്ട് നൽകി. എൻ.എച്ച്.എ.ഐ റീജിയണൽ ഓഫീസർ, പ്രൊജക്ട് ഡയറക്ടർ എന്നിവരുമായി ചർച്ച നടത്തി. എൻ.എച്ച്.എ.ഐ ടെക്നിക്കൽ കമ്മിറ്റി അംഗം ഇന്നെത്തും.
കെട്ടുറപ്പിലാത്ത നിർമ്മാണം
ദുർബലമായ അടിത്തറ
മണ്ണിന്റെ സ്വഭാവം പഠനവിധേയമാക്കി മുകളിലെ നിർമ്മാണത്തിന് ആനുപാതികമായി ബലമുള്ള അടിസ്ഥാനം നിർമ്മിക്കാത്തതാണ് ഉയരപ്പാതയും സർവീസ് റോഡും തകരാൻ കാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഉയരപ്പാതയിലെ മണ്ണ് ബലക്കുറവുള്ള മണ്ണിലേക്ക് അമർന്ന് വയലിലേക്ക് തള്ളിയാണ് അത്യാഹിതം സംഭവിച്ചത്.
9.4 മീറ്റർ ഉയരത്തിൽ മണ്ണ് നിക്ഷേപിച്ചിരുന്നു. ഈ മണ്ണ് താങ്ങിനിറുത്താൻ ഉയരപ്പാതയുടെ വശങ്ങളിലും സർവീസ് റോഡിനും വയലിനും ഇടയിലുള്ള ഭാഗത്തും ബലമുള്ള അടിസ്ഥാനമോ പാർശ്വഭിത്തിയോ നിർമ്മിച്ചിരുന്നില്ല.
സർവീസ് റോഡ് 15 അടിയോളം വയൽ ഭാഗത്തേക്ക് തള്ളിയതിനെ തുടർന്ന് 33 കെവി. വൈദ്യുതി ലൈൻ തൂണുകളും തോടിന്റെ പാർശ്വഭിത്തികളും തകർന്നു.
പത്ത് മീറ്റർ വരെ ഉയരത്തിൽ മണ്ണിടാമെന്നാണ് ഡി.പി.ആറിൽ പറഞ്ഞിരുന്നതെന്ന് കരാർ കമ്പനി വാദിക്കുന്നു. 40 ലക്ഷം രൂപയുടെ നഷ്ടമേ ഉണ്ടായുള്ളൂവെന്നാണ് കമ്പനി പറയുന്നു.
കളക്ടറുടെ പ്രത്യേക
അന്വേഷണ സംഘം
ദേശീയപാത തകരാനുണ്ടായ കാരണം സംബന്ധിച്ച് അന്വേഷണം നടത്താൻ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ, ജില്ലാ ജിയോളജിസ്റ്റ്, ഭൂഗർഭ ജലവിഭവ വകുപ്പ് എക്സിക്യുട്ടിവ് എൻജിനിയർ എന്നിവരടങ്ങിയ സംഘത്തെ നിയോഗിച്ചു.
ജില്ലയിൽ ചതുപ്പുള്ള മറ്റ് മൂന്ന് സ്ഥലങ്ങളും പരിശോധിക്കും. ഇന്ന് തന്നെ പൈപ്പ് ലൈനും വൈദ്യുതി ലൈനും പുനസ്ഥാപിക്കാനും എട്ടിന് മുൻപ് സർവീസ് റോഡ് സജ്ജമാക്കാനും കളക്ടർ കരാർ കമ്പനിക്ക് നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |