
ടെൽ അവീവ്: ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് ഇസ്രയേൽ. പാകിസ്ഥാനി ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുമായും ഇറാനിയൻ സായുധ ഗ്രൂപ്പുകളുമായും ഹമാസിനുള്ള ബന്ധം വളരുന്നത് ഇന്ത്യയ്ക്കും ഇസ്രയേലിനും ഒരുപോലെ സുരക്ഷാ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റേതാണ് പ്രതികരണം. ഇസ്രയേൽ സൈനിക വക്താവും നേരത്തെ ഇതേ ആവശ്യം മുന്നോട്ടുവച്ചിരുന്നു.
അതേ സമയം, ഗാസയിലെ വെടിനിറുത്തൽ കരാറിന്റെ രണ്ടാം ഘട്ടം വൈകാതെ ആരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസിന്റെ നിരായുധീകരണവും ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റവും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നു. ഇതു സംബന്ധിച്ച ചർച്ചയ്ക്കായി ഈമാസം 29ന് നെതന്യാഹു യു.എസിലെത്തും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആയുധം താഴെവയ്ക്കാൻ ഹമാസ് ഇനിയും സമ്മതിച്ചിട്ടില്ല.
രണ്ട് വർഷം നീണ്ട യുദ്ധത്തിനൊടുവിൽ ഇക്കഴിഞ്ഞ ഒക്ടോബർ പത്തിനാണ് ഗാസയിൽ യു.എസ് ആവിഷ്കരിച്ച വെടിനിറുത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. ഹമാസിന്റെ പ്രകോപനങ്ങൾക്ക് തിരിച്ചടിയെന്ന് കാട്ടി ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നുണ്ട്. 350ലേറെ പേർ ഒക്ടോബർ മുതൽ കൊല്ലപ്പെട്ടു. രണ്ട് വർഷത്തിനിടെ ആകെ 70,000ലേറെ പാലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടു. ഗാസയുടെ 53 ശതമാനം ഇപ്പോഴും ഇസ്രയേൽ നിയന്ത്രണത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |