
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചതു പോലെ സിൽവർലൈൻ പദ്ധതി നടപ്പാക്കാനുള്ള വഴിയടഞ്ഞതോടെ, നിലവിലെ ഇരട്ടപ്പാതയ്ക്കരികിലൂടെ 160കി.മീ വേഗമുള്ള ഇരട്ടപ്പാത നിർമ്മിക്കാനാണ് റെയിൽവേയുടെ പദ്ധതി. ഇതിനുള്ള സർവേ പൂർത്തിയാക്കി ഡി.പി.ആർ തയ്യാറാക്കുകയാണ്..
നിലവിലെ റെയിൽപ്പാതയുമായി സംയോജിപ്പിക്കാത്ത സിൽവർലൈനിനെ റെയിൽവേ എതിർത്തതാണ് വിനയായത്. മെട്രോമാൻ ഇ.ശ്രീധരനെയും ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസിനെയും ഇടപെടുത്തി കേന്ദ്രാനുമതി നേടിയെടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.160കി.മീ വേഗമുള്ള ഇരട്ടപ്പാത വന്നാലും യാത്രാദുരിതം തീരില്ലെന്നാണ് സംസ്ഥാന നിലപാട്. ഇതിലൂടെ ഗുഡ്‌സ് ട്രെയിനുകളോടിച്ചാൽ അതിവേഗ യാത്ര സാദ്ധ്യമാവില്ല.എന്നാൽ നിലവിലെ പാതയ്ക്ക് സമാന്തരമായുണ്ടാക്കുന്ന ഇരട്ടപ്പാതയെ സിൽവർലൈനെന്ന് വിളിക്കാമെന്നും, ഇതിൽ നിന്ന് 50 കി.മി ഇടവിട്ട് നിലവിലെ റെയിൽപാതയിൽ കണക്ഷൻ വേണമെന്നുമാണ് റെയിൽവേയുടെ നിലപാട്.
ഒരു വർഷമായി
അനക്കമില്ല
ഗുഡ്സും അതിവേഗ ട്രെയിനുകളും ഒരേ പാതയിലോടിക്കുക അസാദ്ധ്യമാണെന്നും സ്റ്റാൻഡേർഡ് ഗേജിലെ അതിവേഗപ്പാതയാണ് വേണ്ടതെന്നും സർക്കാർ കേന്ദ്രത്തെ അറിയിച്ച് ഒരു വർഷമായിട്ടും മറുപടിയില്ല.
പ്രളയ ഭീഷണിയടക്കം ഒഴിവാക്കാൻ റെയിൽപ്പാത കൂടുതലും തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നു പോവുന്നതാക്കാമെന്നും 50 കിലോമീറ്റർ ഇടവിട്ട് സ്റ്റേഷനുകളെന്നത് 30 കിലോമീറ്ററാക്കാമെന്നുമുള്ള നിർദ്ദേശത്തിലും അനക്കമില്ല.
സിൽവർലൈനിനെക്കുറിച്ച് നിലവിൽ കേന്ദ്രവും സംസ്ഥാനവുമായി ആശയ വിനിമയമില്ല. പാരിസ്ഥിതിക ആഘാതം, ഭൂമിയേറ്റെടുക്കൽ കുറഞ്ഞതും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയുള്ളതുമായ ഇ.ശ്രീധരന്റെ ബദൽ പദ്ധതിയും കേന്ദ്രം പരിഗണിച്ചില്ല
കേരളത്തിൽ മാത്രം
വേഗപ്പാതയില്ല
ലക്ഷ്യം 15 വർഷത്തിനകം 25000 കി.മി വേഗപ്പാത
15 അതിവേഗ, സെമിഹൈസ്പീഡ് പദ്ധതി പരിഗണനയിൽ
ഡൽഹി-മീററ്റ്. പകുതി ദൂരം 180 കിലോമീറ്റർ വേഗത
മുംബയ്-അഹമ്മദാബാദ്- 350 കി.മി വേഗത
ഡൽഹി-ആൾവാർ (രാജസ്ഥാൻ) 180 കി.മി വേഗപ്പാത
''വികസനത്തിന് അനിവാര്യമായിരുന്ന സിൽവർ ലൈനിന് രാഷ്ട്രീയ നിലപാടുകൾ കാരണമാണ് അനുമതി ലഭിക്കാത്തത്''
-പിണറായി വിജയൻ
മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |