
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസ് വിവരങ്ങളുടെ പകർപ്പ് തേടി ഇ.ഡി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ അപേക്ഷ 17ന് പരിഗണിക്കാൻ മാറ്റി. എതിർവാദം രേഖാമൂലം അറിയിക്കാൻ എസ്.ഐ.ടി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. കള്ളപ്പണ ഇടപാട് നടന്നോയെന്നറിയാനാണ് ഇ.ഡിയുടെ നീക്കം. കേസിന്റെ എഫ്.ഐ.ആർ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പാണ് ഇ.ഡി തേടുന്നത്. എന്നാൽ, സമാന്തര അന്വേഷണത്തോട് എസ്.ഐ.ടിക്ക് യോജിപ്പില്ല. ഇ.ഡി അന്വേഷണം ആരംഭിച്ചാൽ കൂടുതൽ ഉന്നതർ കുടുങ്ങുമെന്ന ഭയം സർക്കാരിനുമുണ്ട്.
കേസുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ഐ.പി.സി 467-ാം വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ വിവരങ്ങൾ കിട്ടിയേ തീരൂവെന്ന് ഇ.ഡി അപേക്ഷയിൽ പറയുന്നു. കൂടാതെ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാർ ഉൾപ്പടെ കേസിൽ അറസ്റ്റിലായത് പൊതുസേവകരുമാണ്. കോടതിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകുകയോ, മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യില്ലെന്നും പറയുന്നു. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ (കൊച്ചി സോൺ) ആഷു ഗോയലാണ് അപേക്ഷ സമർപ്പച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |