
ഗാന്ധിനഗർ: പെൺസുഹൃത്തിന്റെ പേരിലുള്ള തർക്കത്തിനൊടുവിൽ ഇരുപതുകാരനെ കൊന്ന് കുഴൽക്കിണറിൽ എറിഞ്ഞു. ഗുജറാത്തിലെ നഖത്രാന സ്വദേശിയായ രമേശ് മഹേശ്വരി ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് കിഷോർ (19) ആണ് കൊലനടത്തിയത്. മുരു ഗ്രാമത്തിലെ രമേഷിനെ കൊന്ന കിഷോർ ഇയാളുടെ മൃതദേഹം കഷ്‌ണങ്ങളാക്കിയശേഷം കുഴൽക്കിണറ്റിലേക്കെറിഞ്ഞു.
ഡിസംബർ രണ്ടുമുതൽ രമേശിനെ കാണാതായെന്ന് സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ സുഹൃത്തായ കിഷോറിനെ പൊലീസ് ചോദ്യംചെയ്‌തു. ഇയാളുടെ സംസാരത്തിലെ അവ്യക്തത കണ്ട് വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് പെൺസുഹൃത്തിനെചൊല്ലി തർക്കമുണ്ടായി എന്നും കൊലപ്പെടുത്തി എന്നും കിഷോർ പറഞ്ഞത്.
അഞ്ജലി എന്ന വിവാഹിതയായ ഒരു യുവതിയുമായി രമേഷ് അടുപ്പത്തിലായിരുന്നു. യുവതിക്ക് കിഷോർ സന്ദേശമയക്കുകയും താനുമായി സൗഹൃദം വേണം എന്നാവശ്യപ്പെടുകയും ചെയ്‌തു. യുവതി ഇക്കാര്യം രമേഷിനെ അറിയിച്ചു. തുടർന്ന് രമേഷും കിഷോറും തമ്മിൽ തർക്കമാകുകയും കിഷോർ കൊല നടത്തുകയുമായിരുന്നു.
കൊല നടത്തിയ ശേഷം കത്തിയുപയോഗിച്ച് രമേഷിന്റെ തലയും കൈകാലുകളും വെട്ടിമുറിച്ചു. ഈ ഭാഗങ്ങളെടുത്ത് കുഴൽകിണറിലിടുകയും ബാക്കിഭാഗങ്ങൾ കത്തിച്ചുകളയുകയും ചെയ്‌തു. ഇങ്ങനെ കത്തിക്കാൻ പ്രായപൂർത്തിയാകാത്ത ഒരാളുടെ സഹായവും തേടി. ഇയാളെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി കുഴൽക്കിണറിൽ നിന്ന് ശരീര ഭാഗങ്ങൾ കണ്ടെത്തി. കത്തിക്കരിഞ്ഞ ശരീരഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം നടക്കവെ രമേഷിന്റെ ഫോണിൽ നിന്ന് സന്ദേശങ്ങളയച്ച് കുടുംബാംഗങ്ങളെയും പൊലീസിനെയും കിഷോർ വഴിതെറ്റിക്കാനും ശ്രമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |