
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ വി.സിമാരാക്കാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തവരിൽ അഴിമതിക്കാരും വിദേശപൗരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ആർ.വി. ആർലേക്കർ സുപ്രീംകോടതി നിയോഗിച്ച സമിതിയെ സമീപിച്ചു. തെളിവുകളും രേഖകളും സി.എ.ജിയുടെ കണ്ടെത്തലുകളുമടക്കം നൂറിലേറെ പേജുകളുള്ള റിപ്പോർട്ടാണ് ജസ്റ്റിസ് ധൂലിയ സമിതിക്ക് കൈമാറിയത്.
തിരുവനന്തപുരത്ത് അഭിമുഖം നടത്തി ജസ്റ്റിസ് ധൂലിയ തയ്യാറാക്കിയ പട്ടികയിലെ ഒന്നാംപേരുകാരെയല്ല മുഖ്യമന്ത്രി നിയമനത്തിനായി ഗവർണർക്ക് ശുപാർശ നൽകിയത്. സാങ്കേതിക സർവകലാശാലയിലേക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ചയാൾക്കെതിരെയാണ് പത്തുലക്ഷം രൂപയുടെ സാമ്പത്തികക്രമക്കേടിന് അച്ചടക്കനടപടിയുണ്ടായത്. പണം തിരിച്ചടയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്. ഒരു എൻജിനിയറിംഗ് കോളേജിൽ പ്രിൻസിപ്പലായിരിക്കെ സ്വഭാവദൂഷ്യത്തിന് പെൺകുട്ടികളുടെ പരാതി നേരിട്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു.
ഡിജിറ്റൽ സർവകലാശാലയിലേക്കുള്ള മുഖ്യമന്ത്രിയുടെ ശുപാർശയിലാണ് ബ്രിട്ടീഷ് പൗരത്വമുള്ളയാൾ ഇടംപിടിച്ചത്. അവിടത്തെ സർവകലാശാലയിലെ വകുപ്പ് മേധാവിയാണെന്നും ഒരു മുൻ എം.പിയുമായുള്ള അടുപ്പം പരിഗണിച്ചാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും ഗവർണർ കുറ്റപ്പെടുത്തുന്നു. ഡിജിറ്റലിലെ ഒന്നാം പേരുകാരനെതിരെ ഗവേഷണ ഫണ്ട് തിരിമറിയിൽ സി.എ.ജി അന്വേഷണം പുരോഗമിക്കുകയാണ്. കേന്ദ്രസർക്കാരിന്റെയടക്കം ഫണ്ടിൽ ക്രമക്കേട് കാട്ടിയെന്ന സി.എ.ജിയുടെ പ്രാഥമിക കണ്ടെത്തലുകളും റിപ്പോർട്ടിലുൾപ്പെടുത്തിയിട്ടുണ്ട്. നിയമനത്തിൽ ക്രമക്കേട് കണ്ടെത്തി സുപ്രീംകോടതി നേരത്തേ പുറത്താക്കുകയും, മാർക്ക് ദാനത്തിൽ ക്രമക്കേട് കാട്ടുകയും ചെയ്തയാളും ശുപാർശപ്പട്ടികയിലുണ്ടെന്നും ഗവർണർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 22പേജുള്ള കത്തും 80ലേറെ പേജുകളുള്ള രേഖകളും മുഖ്യമന്ത്രിക്ക് നേരത്തേ ഗവർണർ കൈമാറിയിരുന്നു.
ചട്ടലംഘനമെന്ന്
ഗവർണർ
യു.ജി.സി പ്രതിനിധിയില്ലാത്ത സെർച്ച്കമ്മിറ്റിയുടെ പാനൽ നിയമവിരുദ്ധമാണെന്ന നിലപാടിലാണ് ഗവർണർ. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേകഹർജി സുപ്രീംകോടതിയിൽ നൽകിയിട്ടുണ്ട്
സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ.രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയത് സെർച്ച്കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയില്ലെന്നടക്കം ക്രമക്കേടുകൾ കാരണമായിരുന്നെന്നും ചൂണ്ടിക്കാട്ടും
യു.ജി.സി ചട്ടങ്ങൾ പാലിക്കാത്ത വി.സി നിയമനങ്ങൾ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിൽ ചോദ്യം ചെയ്യാനാണ് തീരുമാനം
വി.സി നിയമനാധികാരി ചാൻസലറാണെന്നും അത് കോടതി ഏറ്റെടുക്കുന്നത് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടി പുനപ്പരിശോധനാ ഹർജിനൽകുന്നതിനെക്കുറിച്ചും നിയമോപദേശം തേടിയിട്ടുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |