
കണ്ണൂർ: ലൈംഗിക വൈകൃത കുറ്റവാളികളെ 'വെൽ ഡ്രാഫ്റ്റഡ്' എന്നുപറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി കാട്ടിലെപ്പീടിക ചേരിക്കൽ ജൂനിയർ ബേസിക് സ്‌കൂളിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ഇപ്പോൾ വന്നതിനേക്കാൾ അപ്പുറമുള്ള കാര്യങ്ങൾ പുറത്തുവന്നേക്കാമെന്നും പറഞ്ഞു.
രാഹുലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്.
'കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നത്? ഇരയായവർ തെളിവുമായി വരാത്തത് എന്തുകൊണ്ട്? ഇത് ഗൗരവമായി കാണണം. കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയർത്തിയത്. വസ്തുതകൾ തുറന്നുപറഞ്ഞാൽ ജീവൻ അപകടത്തിലാകുമെന്ന് നിസ്സഹായരായ ഇരകൾ ഭയക്കുകയാണ്. ഇത്തരമൊരു അവസ്ഥ എങ്ങനെ ഉത്തരവാദപ്പെട്ട രാഷ്ട്രീയപാർട്ടിയുടെ ഭാഗത്തുനിന്ന് വരുന്നു എന്ന് ആലോചിക്കണം,' മുഖ്യമന്ത്രി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ സർക്കാരും നാടും അതിജീവിതയ്‌ക്കൊപ്പമാണെന്നും ആ നിലപാട് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എൽ.ഡി.എഫ് ചരിത്രവിജയം നേടും
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
ശബരിമല സ്വർണക്കൊള്ള ബാധിക്കില്ല. നടക്കാൻ പാടില്ലാത്തത് നടന്നു എന്നത് വസ്തുതയാണ്. സർക്കാർ കർശന നടപടിയെടുത്തു. ഈ സർക്കാർ അല്ലായിരുന്നെങ്കിൽ ശക്തമായ നടപടി ഉണ്ടാകില്ലെന്ന് വിശ്വാസികൾ കരുതുന്നു. അതുകൊണ്ട് വിശ്വാസികളുടെ പിന്തുണയുണ്ട് .
യു.ഡി.എഫും ബി.ജെ.പിയും ശബരിമല വിഷയം അനുകൂലമാക്കാൻ ദുഷ്പ്രചാരണം നടത്തുകയാണ്. രണ്ടുകൂട്ടരും ഒരേ വണ്ടിയിൽ സഞ്ചരിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ജമാഅത്തെ ഇസ്ലാമി മുസ്ലിം പൊതുജനങ്ങൾ തള്ളിയ സംഘടനയാണ്. മുസ്ളിങ്ങളെ യു.ഡി.എഫിന് അനുകൂലമാക്കാനാണ് അവരെ ഒപ്പം കൂട്ടിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |