
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സഹായത്തോടെ ക്യാൻസറടക്കമുള്ള രോഗനിർണയ സംവിധാനങ്ങൾ കണ്ടുപിടിക്കുന്ന കാലത്ത് കേരളത്തിലെ ആരോഗ്യ രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് ഡേറ്റാ പ്രതിസന്ധി. ഡേറ്റകൾ കൈമാറുന്നതിൽ ആരോഗ്യ കേന്ദ്രങ്ങളുടെ വിമുഖതയാണ് കാരണം. രോഗികളുടെ വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി മെഡിക്കൽ ഡേറ്റ മാത്രം കൈമാറിയാലും ഗവേഷണങ്ങൾക്ക് പ്രയോജനമാകും. എന്നാൽ, സംസ്ഥാനത്ത് അതും ഉണ്ടാകുന്നില്ല.
അതിനാൽ, വിദേശ ഡേറ്റകളെ ആശ്രയിച്ച് സോഫ്റ്റുവെയറുകളടക്കം വികസിപ്പിക്കുകയാണ് സ്റ്റാർട്ടപ്പുകൾ. എന്നാൽ, വിദേശീയരുടെ ജീവിത ശൈലിയും ആരോഗ്യസംരക്ഷണവും വ്യത്യസ്തമായതിനാൽ ഇതുപ്രകാരം വികസിപ്പിക്കുന്ന സോഫ്റ്റുവെയറുകൾ കേരളീയർക്ക് ഗുണകരമാകില്ലെന്നാണ് ഗവേഷകർ പറയുന്നത്.
ഡേറ്റ കൈമാറ്റത്തിലെ പ്രതിസന്ധി പരിഹരിച്ച് കേരളത്തിലെ ആരോഗ്യരംഗത്തെ സ്റ്റാർട്ടപ്പുകളുടെ ഗവേഷണങ്ങളെ മുതൽക്കൂട്ടാക്കാൻ സർക്കാർ ഇടപടൽ അനിവാര്യമാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
വിവരങ്ങൾ ചോരുമെന്ന് ഭീതി
ഡേറ്റകൾ ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകൾ അതാത് സ്ഥാപനങ്ങളിലെ എത്തിക്‌സ് കമ്മിറ്റികൾ പരിശോധിച്ച് തീരുമാനിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ, രോഗികളുടെ സ്വകാര്യ വിവരങ്ങൾ ചോരുമെന്ന കാരണം ചൂണ്ടിക്കാട്ടി ആരോഗ്യ സ്ഥാപനങ്ങൾ ഉൾപ്പെടെ എതിർക്കുന്നുണ്ട്.
മാർഗരേഖ
തയ്യാറാക്കണം
1. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതിയും ഗ്രാന്റുമുള്ള സ്റ്റാർട്ടപ്പുകൾക്ക് മാത്രം ഡേറ്റ നൽകുക. നിയമപരമായ കരാറുമുണ്ടാകണം. ഡാറ്റ കൈമാറുന്നതിന് കൃത്യമായ മാർഗരേഖ തയ്യാറാക്കണം
2. മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ നടപടിയുണ്ടാകണം. വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി, രോഗികളുടെ സ്വകാര്യത നഷ്ടപ്പെടാതെ ഡേറ്റ കൈമാറാൻ സംവിധാനമൊരുക്കണം
''ഡേറ്റകൾ വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കി കൈമാറ്റം ചെയ്യുന്നത് കേരളത്തിന്റെ ആരോഗ്യരംഗത്ത് വലിയ കണ്ടുപിടിത്തങ്ങൾക്ക് സഹായിക്കും. ഇത് പൊതുസമൂഹത്തിന് ഒന്നാകെ ഗുണം ചെയ്യും
-അനൂപ് അംബിക, സി.ഇ.ഒ,
കേരള സ്റ്റാർട്ടപ്പ് മിഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |