
തിരുവനന്തപുരം/ കോഴിക്കോട്: രണ്ടു ഘട്ടങ്ങളിലായി തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായി. ആകെ 73.69% പോളിംഗ്. കഴിഞ്ഞ തവണ 75.95% ആയിരുന്നു. നാളെയാണ് വോട്ടെണ്ണൽ.
ഒന്നാം ഘട്ടത്തിൽ പോളിംഗ് കുറഞ്ഞെങ്കിലും രണ്ടാംഘട്ടത്തിൽ ആ കുറവ് വോട്ടർമാർ നികത്തി. ഇന്നലെ വോട്ടെടുപ്പ് നടന്ന ഏഴ് വടക്കൻ ജില്ലകളിലും പോളിംഗ് 70 ശതമാനം കടന്നു. കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്യാനെത്തി, 78.18%. പുരുഷൻമാർ 73.74%. ഉയർന്ന പോളിംഗ് വയനാട്ടിലാണ്, 78.3%. കുറവ് തൃശ്ശൂരിലും, 72.27%. രണ്ടാം ഘട്ടത്തിലെ പോളിംഗ് ശതമാനം 76.08 ആണ്. ഒന്നാം ഘട്ടത്തിൽ 70.91 ആയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വയനാട്ടിലും കുറവ് പത്തനംതിട്ടയിലുമാണ് (66.78%). കോർപറേഷനുകളിൽ കണ്ണൂരാണ് കൂടുതൽ പോളിംഗ്, 70.33%. ഏറ്റവും കുറവ് തിരുവനന്തപുരത്തും, 58.29%. രണ്ടുഘട്ടങ്ങളിലും കൂടി 72.76% പുരുഷൻമാരും 74.51% സ്ത്രീകളും വോട്ട് ചെയ്തു.
ഇന്നലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു പോളിംഗ്. പീഡനക്കേസിൽ 15 ദിവസം ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് കുന്നത്തൂർമേട് ബൂത്തിൽ വോട്ട് ചെയ്തു. കാൽമണിക്കൂറോളം എം.എൽ.എ ഓഫീസിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. കോൺഗ്രസ് പ്രവർത്തകർ ബൊക്ക നൽകി സ്വീകരിച്ചു. സി.പി.എം പ്രവർത്തകർ കൂവി.
കണ്ണൂരിലും മലപ്പുറത്തും വോട്ട് ചെയ്യാനെത്തിയ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ മൊറാഴ സ്വദേശി കെ.പി.സുധീഷ് (48), മലപ്പുറം ചെറുകാവ് പഞ്ചായത്തിലെ കാപ്പിൽ റഹ്മത്ത് മൻസിലിൽ മുഹമ്മദ് കോയ (66) എന്നിവരാണ് മരിച്ചത്.
ഏഴ് ജില്ലകളിലായി 150 കേന്ദ്രങ്ങളിൽ വോട്ടിംഗ് മെഷീൻ കേടായി. ചില ബൂത്തുകളിൽ ഒരുമണിക്കൂറോളം വോട്ടിംഗ് വൈകിയത് ചെറിയ തർക്കങ്ങൾക്ക് വഴിവച്ചു. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേരെ മലപ്പുറത്ത് പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് തിക്കോടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വീടിനു നേരെ അക്രമമുണ്ടായി. ലീഗിലെ യു.കെ. സൗജത്തിന്റെ വീട് ആക്രമിച്ച് സ്‌കൂട്ടർ തകർത്തു.
പോളിംഗ് ശതമാനം
(ബ്രാക്കറ്റിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലേത്)
കാസർകോട് - 74.86%(77.25)
കണ്ണൂർ - 76.77 (77.13)
വയനാട് - 78.3(79.47)
കോഴിക്കോട് - 77.26(79.20)
മലപ്പുറം - 77.43(78.91)
പാലക്കാട് - 76.27(78.13)
തൃശ്ശൂർ - 72.27%(75.20)
വോട്ടെണ്ണൽ 8ന് തുടങ്ങും
നാളെ 244 കേന്ദ്രങ്ങളിലായി രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിക്കും. അരമണിക്കൂറിനകം ഫലസൂചന അറിയാനാകും. ഉച്ചയോടെ ഭൂരിപക്ഷം വാർഡുകളിലേയും വോട്ടെണ്ണൽ പൂർത്തിയാകും. പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ളോക്ക് പഞ്ചായത്ത് കേന്ദ്രത്തിലാണ്. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വോട്ടെണ്ണൽ അതതിടങ്ങളിലെ കേന്ദ്രങ്ങളിൽ. ജില്ലാപഞ്ചായത്തിലെ തപാൽ വോട്ടുകൾ കളക്ട്രേറ്റുകളിൽ എണ്ണും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |