
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ഈയിടെ സ്ഥാനമേറ്റ സൂര്യകാന്ത്, രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ നിലനില്ക്കുന്ന ചില അനീതികൾക്ക് തീർപ്പു കല്പിക്കാൻ ധൈര്യപ്പെടുമെന്നാണ് തുടക്കത്തിലുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും പ്രവൃത്തികളും സൂചിപ്പിക്കുന്നത്. രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന വ്യവഹാരക്കൂമ്പാരത്തെക്കുറിച്ചു
ഒരു യുവതിയുടെ മേൽനടന്ന നിഷ്ഠുരമായ ആസിഡ് ആക്രമണ കേസിൽ അദ്ദേഹത്തിന്റെ പരാമർശങ്ങളും ആജ്ഞകളും ഒരു നീതിമാന്റേതായിരുന്നു. ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന ഏർപ്പാട് പുന: പരിശോധിക്കണമെന്ന ഹർജി അനുവദിക്കുന്നതിന് ചീഫ് ജസ്റ്റിസ് തയ്യാറായത്, അന്തിമ അഭയകേന്ദ്രങ്ങളായി ജനം കരുതുന്ന കോടതികളുടെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന ബോദ്ധ്യംകൊണ്ടു തന്നെയാകണം.
കേസുകളുടെ
പെരുക്കം
രാജ്യത്ത് 5.4 കോടി കേസുകൾ വിചാരണക്കോടതികളിലും ഹൈക്കോടതികളിലും സുപ്രീം കോടതിയിലുമായി തീർപ്പാകാതെ കുമിഞ്ഞുകൂടിക്കിടക്കുന്നു എന്നാണ് ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തിയത്. കോടതികളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യത്തിൽ ലോകത്തിൽ ഒന്നാം നമ്പറാണ് ഇന്ത്യ. നീതി ആയോഗിന്റെ 2018-ലെ പഠന റിപ്പോർട്ട് പ്രകാരം, കേസ് തീർപ്പാക്കുന്നതിൽ അന്നത്തെ വേഗത അതേപടി തുടരുകയാണെങ്കിൽ കെട്ടിക്കിടക്കുന്ന കേസുകൾക്ക് വിധി കല്പിക്കാൻ 324 വർഷം വേണ്ടിവരും!
2018-ൽ കുടിശ്ശിക കേസുകളുടെ എണ്ണം 2.9 കോടിയായിരുന്നു. നീതി ലഭ്യമാക്കുന്നതിലെ കാലതാമസം കാരണം വാദിക്കും പ്രതിക്കും അനുഭവിക്കേണ്ടിവരുന്ന വ്യഥകൾക്കു പുറമേ, രാഷ്ട്രത്തിന് പൊതുവിൽത്തന്നെ സാമ്പത്തിക നഷ്ടവും വരുത്തിവയ്ക്കുന്നു. കേസ് തീർപ്പാക്കലിലെ കാലവിളംബം കാരണം ഇന്ത്യയുടെ ജി.ഡി.പിയിൽ രണ്ടു ശതമാനനം നഷ്ടമാകുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്.
നികത്താത്ത
ഒഴിവുകൾ
രാജ്യത്തെ കോടതിക്കേസുകളിലെ അത്യുഗ്രമായ ഈ കുടിശ്ശികയ്ക്ക് കാരണം വളരെ ആഴത്തിലുള്ള ഘടനാപരമായ ദുർഘടങ്ങളാണെന്നാണ് ചീഫ് ജസ്റ്റിസിന്റെ വിലയിരുത്തൽ. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെപ്പോലും ബാധിക്കുന്ന വിധത്തിൽ കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നതിന്റെ കാരണങ്ങൾ ഇതിനകം തന്നെ പല സമിതികളും റിപ്പോർട്ടുകളും പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏറ്റവും പ്രധാനമായ ഒരു പ്രശ്നം മാത്രം പറയാം:
ന്യായാധിപന്മാരുടെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും അപര്യാപ്തത തന്നെയാണ് പ്രധാന പരിമിതി. 2022-ൽ അനുമതി ലഭിച്ച ന്യായാധിപന്മാരുടെ പോസ്റ്റുകളുടെ എണ്ണമനുസരിച്ച് നമ്മുടെ രാജ്യത്തെ 10 ലക്ഷം ജനങ്ങൾക്ക് 21.03 ജഡ്ജിമാർ എന്നതാണ് അനുപാതം. എന്നാൽ അനുവദിക്കപ്പെട്ട പോസ്റ്റുകളിൽ പലതും ഒഴിഞ്ഞുതന്നെ കിടക്കുകയാണ് . അതുകൊണ്ടുതന്നെ, സർവീസിൽ യഥാർത്ഥത്തിലുള്ള ജഡ്ജിമാരുടെ എണ്ണം വച്ചുനോക്കിയാൽ 10 ലക്ഷം ജനങ്ങൾക്ക് 14.4 ജഡ്ജിമാർ എന്നതാണ് നിലവിലെ അനുപാതം. ഇന്ത്യയുടെ നിയമ കമ്മിഷന്റെ ശുപാർശ പ്രകാരം 10 ലക്ഷം പേർക്ക് വേണ്ടത് 50 ജഡ്ജിമാർ എന്ന അനുപാതമാണ്.
സമ്പ്രദായവും
പരാതികളും
ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം എന്ന സമ്പ്രദായം റദ്ദാക്കാനും, ദേശീയ നീതിന്യായ നിയമന കൗൺസിൽ എന്ന ക്രമീകരണം പുനഃസ്ഥാപിക്കണമെന്നുമുള്ള പെറ്റീഷൻ പരിഗണിക്കാമെന്ന് പുതിയ ചീഫ് ജസ്റ്റിസ് വാക്കാൽ ഉറപ്പു നൽകി. അദ്ദേഹം തന്നെ പ്രധാന എതിർകക്ഷിയാകുന്ന കേസാണെങ്കിലും, അതിൽ മെരിറ്റുണ്ടെന്ന് കരുതിയതിലാകാം, ചീഫ് ജസ്റ്റിസ് ഇപ്രകാരമൊരു നിലപാടെടുത്തത്.
നിലവിലെ കൊളീജിയം സമ്പ്രദായത്തിൽ ജഡ്ജിമാർ മാത്രമാണുള്ളത്. എന്നാൽ ദേശീയ നീതിന്യായ നിയമന കൗൺസിലിൽ, സമിതിയുടെ അദ്ധ്യക്ഷനായ ചീഫ് ജസ്റ്റിസിനെ കൂടാതെ മറ്റു രണ്ട് സീനിയർ മോസ്റ്റ് ജഡ്ജിമാർ, നിയമ മന്ത്രി, പൊതുസമൂഹത്തിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെടുന്ന രണ്ട് ശ്രേഷ്ഠവ്യക്തികൾ എന്നിവരാണ് അംഗങ്ങൾ. നാമനിർദ്ദേശം നടത്തേണ്ടത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ്.
1993 മുതൽ തുടർന്നുവന്ന കൊളീജിയം സംവിധാനം, 2014-ലെ ഭരണഘടനാ ഭേദഗതി പ്രകാരം ഇല്ലാതാവുകയും പകരം ദേശീയ നീതിന്യായ നിയമന കൗൺസിൽ നിലവിൽ വരികയും ചെയ്തു. 2015-ൽ, അത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിക്കുകയും, വീണ്ടും കൊളീജിയത്തിലേക്ക് മടങ്ങുകയും ചെയ്തു. ദേശീയ നീതിന്യായ നിയമന കൗൺസിൽ പുന:സ്ഥാപിക്കണമെന്ന ഇപ്പോഴത്തെ അപേക്ഷയിന്മേൽ സുപ്രീം കോടതിയിൽ ഹാജരാകുന്ന മലയാളി വക്കീൽ മാത്യു ജെ. നെടുമ്പാറ വാദിക്കുന്നത് കൊളീജിയം സമ്പ്രദായം എന്നത് സ്വജനപക്ഷപാതത്തിനും ഇഷ്ടക്കാർക്ക് ഉപകാരം ചെയ്യാനുമുള്ള ഏർപ്പാടിന്റെ മറ്റൊരു പേരെന്നാണ്.
അനുകമ്പയുടെ
ഏടുകൾ
തന്റെ ഇരുപത്താറാം വയസിൽ ആസിഡ് ആക്രമണത്തിന് ഇരയായ ഷഹീൻ മാലിക് എന്ന വനിത സുപ്രീം കോടതിയിൽ ബോധിപ്പിച്ച ആവലാതികൾ കേട്ടത് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചായിരുന്നു. ഹരിയാനയിൽ തന്റെ തൊഴിലിടത്തിന് പുറത്തുവച്ച് ഷഹീൻ മാലിക്കിന് നേരിടേണ്ടിവന്ന അതിരൂക്ഷമായ ആസിഡ് ആക്രമണത്തെ തുടർന്ന് 25 സർജറികൾക്ക് അവർ വിധേയയാകേണ്ടിവന്നു. നിഷ്ഠുരമായ മറ്റൊരു കാര്യം, അവരുടെ കേസ് 16 വർഷത്തിനു ശേഷവും വിചാരണക്കോടതിയിൽ കുടുങ്ങിക്കിടക്കുന്നു എന്നതാണ്!
തന്നെപ്പോലെ തന്നെ ആക്രമണത്തിന് ഇരകളായവരെ ഭിന്നശേഷിക്കാർക്കുള്ള അവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അവർ അഭ്യർത്ഥിച്ചു. ഈ ആവശ്യം ന്യായമാണെന്നു പരാമർശിച്ച ചീഫ് ജസ്റ്റിസ്, അധികാരികളിൽ നിന്ന് തുടർനടപടികൾ ഉണ്ടാകണമെന്ന് നിഷ്കർഷിച്ചു. ഇത്തരം ആക്രമണങ്ങളിലെ പ്രതികൾ ഒട്ടും ദയ അർഹിക്കുന്നില്ലെന്നും ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്തവർക്കെതിരെ വ്യവസ്ഥിതിയാകെ പ്രതികരിക്കണമെന്നും അദ്ദേഹം പരാമർശം നടത്തി.
സ്ത്രീകൾക്കെതിരെയുള്ള ആസിഡ് ആക്രമണ കേസുകൾക്കായി പ്രത്യേക കോടതികൾ രൂപീകരിക്കാനുള്ള നിർദ്ദേശവും ചീഫ് ജസ്റ്റിസ് നല്കി. ആവലാതികളെക്കുറിച്ച് ഒരു പ്രത്യേക അപേക്ഷ നൽകിയാൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് വിചാരണയുടെ ദൈനംദിന പുരോഗതി ഉറപ്പാക്കാമെന്നും ഷഹീൻ മാലിക്കിന് ചീഫ് ജസ്റ്റിസ് വാക്കു നൽകി.
കഴിഞ്ഞദിവസം, ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് പുറപ്പെടുവിപ്പിച്ച ഒരു ഉത്തരവ് സാമൂഹ്യനീതിയുടെ മറ്റൊരു നാഴികക്കല്ലാവുകയാണ്. പുതുച്ചേരിയിലെ ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ വേണ്ടി, അമ്മയുടെ ജാതി പരിഗണിച്ചുകൊണ്ട് ആ കുട്ടിക്ക് പട്ടികജാതി സർട്ടിഫിക്കറ്റ് നൽകാവുന്നതാണ് എന്നായിരുന്നു വിധി. ഈ കുട്ടിയുടെ പിതാവ് മുന്നാക്ക ജാതിക്കാരനാണ്. പിതാവിന്റെ ജാതി പരിഗണിച്ചുകൊണ്ട് മക്കൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്ന പതിവുരീതിക്ക് എതിരെയാണ് വിധി.
മദ്രാസ് ഹൈക്കോടതിയിൽ നിന്ന് മാതാവ് നേടിയ അനുകൂല വിധിക്കെതിരെ ചിലർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഇപ്രകാരം ചോദിക്കുകയും ചെയ്തു: 'മാറുന്ന കാലത്തും മാതാവിന്റെ ജാതി അടിസ്ഥാനമാക്കി സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നത് എന്തുകൊണ്ടാണ്?" ചുരുക്കത്തിൽ, ഉന്നതനായ ഈ ന്യായാധിപൻ സമ്മാനിച്ചിരിക്കുന്നത് വലിയ നീക്കങ്ങളും വലിയ പ്രതീക്ഷകളുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |