
ന്യൂഡൽഹി: പുതിയ തൊഴിൽ കോഡ് വഴി ഇ.എസ്.ഐ പദ്ധതിക്ക് കീഴിൽ വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ ഉറപ്പിക്കും. തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഇ.എസ്.ഐ കോർപ്പറേഷൻ യോഗത്തിലാണ് തീരുമാനം.
കൂടുതൽ ആളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനൊപ്പം ഇ.എസ്.ഐ ശമ്പള പരിധി 21,000യിൽ നിന്ന് വർദ്ധിപ്പിക്കുന്ന തീരുമാനവും ഉടനുണ്ടാകുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പു ലഭിച്ചതായി ഇ.എസ്.ഐ ബോർഡ് അംഗവും ബി.എം.എസ് നേതാവുമായ എസ്.ദുരൈരാജ് അറിയിച്ചു.
മാതാ അമൃതാനന്ദമയി ആശ്രമത്തിന്റെയും സത്യസായി ബാബ ട്രസ്റ്റിന്റെയും അടക്കം ചാരിറ്റബിൾ ആശുപത്രികളുമായി ചേർന്ന് ഇ.എസ്.ഐ റഫറൽ സംവിധാനം മെച്ചപ്പെടുത്തും.
ഡിസ്‌പെൻസറികളിലെ പോരായ്മകൾ പരിഹരിക്കും. ആയുർവേദ മരുന്നുകൾ ലഭ്യമാക്കും. ഇ.എസ്.ഐ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും.
രാജ്യത്തു ആകെയുള്ള 779 ജില്ലകളിൽ 713 ഇടത്തും ഇ.എസ്.ഐ പദ്ധതി നടപ്പിലാക്കി. 2025 മാർച്ചിലെ കണക്കു പ്രകാരം 3.84 കോടി അംഗങ്ങളും അവരുടെ ആശ്രിതരും അടക്കം 14.91 കോടി ഉപഭോക്താക്കളുള്ള പദ്ധതിയായി മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |